കേരള ക്രിക്കറ്റ് ലീഗിൽ (KCL) നിലവിലെ ചാമ്പ്യന്മാരായ കൊച്ചി ബ്ലൂ ടൈഗേഴ്സിനെതിരെ തൃശൂർ ടൈറ്റൻസിന് തകർപ്പൻ വിജയം. തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിലാണ് കടുത്ത പോരാട്ടത്തിനൊടുവിൽ തൃശൂർ ടൈറ്റൻസ് വിജയം പിടിച്ചെടുത്തത്. മഴ തടസ്സപ്പെടുത്തിയ മത്സരത്തിൽ ഡി.എൽ.എസ് (DLS) നിയമപ്രകാരമാണ് ടൈറ്റൻസിന്റെ വിജയം.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കൊച്ചി ബ്ലൂ ടൈഗേഴ്സ് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 172 റൺസിന്റെ ശക്തമായ വിജയലക്ഷ്യമാണ് ഉയർത്തിയത്. എന്നാൽ മറുപടി ബാറ്റിംഗിനിടയിൽ മഴയെത്തുകയും തുടർന്ന് ലക്ഷ്യം പുനർനിശ്ചയിക്കുകയുമായിരുന്നു. ഡി.എൽ.എസ് നിയമപ്രകാരം തൃശൂർ ടൈറ്റൻസിന് 9 ഓവറിൽ 83 റൺസായി ലക്ഷം പുനർനിശ്ചയിച്ചു.
തുടക്കത്തിൽ തകർച്ചയെ അഭിമുഖീകരിച്ചെങ്കിലും, യുവതാരങ്ങളായ കെ.ആർ. രോഹിതും മുഹമ്മദ് ഇനാനും ചേർന്ന് നടത്തിയ മിന്നുന്ന പ്രകടനമാണ് ടൈറ്റൻസിന് അവിശ്വസനീയ ജയം സമ്മാനിച്ചത്. ടീമിന്റെ യുവതാരങ്ങൾ പുറത്തെടുത്ത പോരാട്ടവീര്യം ആരാധകരെ ആവേശത്തിലാഴ്ത്തി. നാല് പന്തുകൾ ബാക്കിനിൽക്കെ 6 വിക്കറ്റ് നഷ്ടപ്പെടുത്തി തൃശൂർ ലക്ഷ്യം കണ്ടു. ഇന്നലെ നടന്ന ഈ മത്സരത്തിലെ വിജയത്തോടെ ടൈറ്റൻസ് ടൂർണമെന്റിൽ തങ്ങളുടെ കരുത്ത് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്.