കേരള ക്രിക്കറ്റ് ലീഗില്‍ (കെസിഎല്‍) ഗംഭീര തുടക്കവുമായി ആലപ്പി റിപ്പിള്‍സ്. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തില്‍ ട്രിവാന്‍ഡ്രം റോയല്‍സിനെ 8 വിക്കറ്റിനാണ് ആലപ്പി റിപ്പിള്‍സ് പരാജയപ്പെടുത്തിയത്. ഇന്നലെ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ട്രിവാന്‍ഡ്രം റോയല്‍സിന് നിശ്ചിത 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ.
ആലപ്പി ബോളര്‍മാരുടെ കൃത്യതയാര്‍ന്ന ആക്രമണത്തിന് മുന്നില്‍ റോയല്‍സ് നിര തുടക്കത്തിലെ തകരുകയായിരുന്നു. വെറും 19 റണ്‍സ് മാത്രം വിട്ടുകൊടുത്ത് 3 വിക്കറ്റ് വീഴ്ത്തിയ ടി.എസ്. വിനിലാണ് ട്രിവാന്‍ഡ്രം ബാറ്റിങ് നിരയുടെ നെടുംതൂണൊടിച്ചത്. വിഷ്ണു വിനോദ്, ഗോവിന്ദ് ദേവ് പൈ, അഭിഷേക് പി. നായര്‍ എന്നിവരെ വേഗത്തില്‍ പുറത്താക്കിയ വിനിൽ മത്സരത്തിൽ പ്ലെയർ ഓഫ് ദി മാച്ചായും തെരഞ്ഞെടുക്കപ്പെട്ടു. റോയല്‍സ് നിരയില്‍ 46 റണ്‍സുമായി പുറത്താകാതെ നിന്ന സിജോമോന്‍ ജോസഫ് മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്.
മറുപടി ബാറ്റിംഗിനിറങ്ങിയ ആലപ്പി റിപ്പിള്‍സിനായി ഉപനായകന്‍ മുഹമ്മദ് അസറുദ്ദീന് കളം നിറഞ്ഞു കളിച്ചു. ട്രിവാന്‍ഡ്രം ബൗളര്‍മാരെ തലങ്ങും വിലങ്ങും പ്രഹരിച്ച അസര്‍ വെറും 20 പന്തില്‍ തന്റെ അര്‍ദ്ധ സെഞ്ച്വറി തികച്ചു. ഒടുവില്‍ 29 പന്തില്‍ 8 ഫോറും 5 സിക്സറുകളും അടക്കം 68 റണ്‍സ് നേടിയാണ് താരം പുറത്തായത്. അസറുദ്ദീന്റെ ഈ വെടിക്കെട്ട് ബാറ്റിംഗിന്റെ പിന്‍ബലത്തില്‍ 12.5 ഓവറില്‍ വെറും 2 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ആലപ്പി അനായാസം ലക്ഷ്യത്തിലെത്തി. ക്യാപ്റ്റന്‍ സച്ചിന് ബേബിയും (26) കെ.എ. അരുണും (24) ചേര്‍ന്ന് ടീമിനെ അവിസ്മരണീയ വിജയത്തിലേക്ക് നയിച്ചു. ഈ ആധികാരിക ജയത്തോടെ റിപ്പിള്‍സ് തങ്ങളുടെ ടൂര്‍ണമെന്റ് വരവറിയിച്ചു കഴിഞ്ഞു