മലയാളികളുടെ പ്രിയപ്പെട്ട ഓണക്കാലത്തിന് ആവേശം പകരാൻ കേരള ക്രിക്കറ്റ് ലീഗ് (കെസിഎൽ) മൂന്നാം സീസണിന് ഇന്ന് തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ തുടക്കമാകുന്നു. ഉച്ചയ്ക്ക് 2:30-ന് ആരംഭിക്കുന്ന ഉദ്ഘാടന മത്സരത്തിൽ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് ടീം തൃശൂർ ടൈറ്റൻസിനെ നേരിടും.
ആഭ്യന്തര ക്രിക്കറ്റിലെ പ്രതിഭകളെ അണിനിരത്തി കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ടൂർണമെന്റിന്റെ മൂന്നാം പതിപ്പ് ആരാധകർക്ക് വൻ ആവേശമാണ് സമ്മാനിക്കുന്നത്. ആദ്യ മത്സരത്തിന് ശേഷം വൈകുന്നേരം നടക്കുന്ന വർണ്ണാഭമായ ചടങ്ങിൽ ഔദ്യോഗിക ഉദ്ഘാടന പരിപാടികൾ അരങ്ങേറും. കെസിഎ പ്രസിഡന്റ് അഡ്വ. ശ്രീജിത്ത് വി നായർ, സെക്രട്ടറി വിനോദ് എസ് കുമാർ, കെസിഎൽ ചെയർമാൻ നാസിർ മച്ചാൻ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും. തുടർന്ന് രാത്രി 7:30-ന് നടക്കുന്ന രണ്ടാം മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ കൊച്ചി ബ്ലൂ ടൈഗേഴ്സും ഏരീസ് കൊല്ലം സെയ്ലേഴ്സും ഏറ്റുമുട്ടും.
ഈ സീസണിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ്, ഏരീസ് കൊല്ലം സെയ്ലേഴ്സ്, കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ്, തൃശൂർ ടൈറ്റൻസ്, ട്രിവാൻഡ്രം റോയൽസ്, ആലപ്പി റിപ്പിൾസ് എന്നീ ആറ് പ്രമുഖ ഫ്രാഞ്ചൈസി ടീമുകളാണ് കിരീത്തിനായി മാറ്റുരക്കുന്നത്. സെപ്റ്റംബർ 5 വരെ നീളുന്ന മത്സരങ്ങൾക്കായി വിപുലമായ ഒരുക്കങ്ങളാണ് ഗ്രീൻഫീൽഡിൽ പൂർത്തിയായിട്ടുള്ളത്.
കളിമൈതാനത്തെ ആവേശത്തിനൊപ്പം കാണികൾക്കായി സ്റ്റേഡിയത്തിന് സമീപം ഫാൻ വില്ലേജും ഒരുക്കിയിട്ടുണ്ട്. മത്സര ദിവസങ്ങളിൽ കുടുംബസമേതം എത്തുന്നവർക്ക് വിവിധ വിനോദങ്ങളും ഗെയിമുകളും ഫുഡ് കോർട്ടുകളും ഇവിടെ ആസ്വദിക്കാനാകും. പ്രവേശന സൗജന്യമുള്ള ഫാൻ വില്ലേജ് ടൂർണമെന്റിനെ അക്ഷരാർത്ഥത്തിൽ ഒരു ക്രിക്കറ്റ് ഉത്സവമാക്കി മാറ്റും.