തമിഴ്നാട്ടിലെ തിരുവള്ളൂരിൽ വൃദ്ധയായ മാതാവിനെ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ മകൻ അറസ്റ്റിലായി . മാതാവിനെ പരിചരിക്കാനുള്ള ബുദ്ധിമുട്ടും കടുത്ത മാനസിക സംഘർഷവുമാണ് ഈ ക്രൂരകൃത്യത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
മനഃസാക്ഷിയെ മരവിപ്പിക്കുന്ന ഈ സംഭവം നടന്നത് കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരമാണ്. തിരുവള്ളൂർ ജില്ലയിലെ മാനവൂർ റെയിൽവേ സ്റ്റേഷനിലാണ് നാടിനെ ഞെട്ടിച്ച കൊലപാതകം അരങ്ങേറിയത്. 71 കാരിയായ പത്മാവതിയാണ് ക്രൂരമായ കൊലപാതകത്തിന് ഇരയായത്. സംഭവത്തിൽ 44-കാരനായ മകൻ എസ്. പാർത്ഥസാരഥിയെ അരക്കോണം റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു.
ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും ശാരീരിക അശക്തയും ഉള്ളതിനാൽ വീൽചെയറിലായിരുന്നു പത്മാവതിയുടെ ജീവിതം. ഇവരെ പരിചരിക്കുന്നതിന്റെ ഭാരവും കുടുംബപരമായ മറ്റ് പ്രയാസങ്ങളും പാർത്ഥസാരഥിയെ മാനസികമായി തളർത്തിയിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കുന്നു. സംഭവദിവസം വൈകുന്നേരം പത്മാവതിയെയും കൊണ്ട് മാനവൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയ പാർത്ഥസാരഥി, എക്സ്പ്രസ് ട്രെയിനികൾ കടന്നുപോകുന്ന മൂന്നാം പ്ലാറ്റ്ഫോമിലേക്ക് വീൽചെയർ തള്ളിക്കൊണ്ടുപോയി. തുടർന്ന് ഇതുവഴി കടന്നുവന്ന എക്സ്പ്രസ് ട്രെയിനിന് മുന്നിലേക്ക് അമ്മയെ വീൽചെയറോടെ താഴേക്ക് തള്ളിയിടുകയായിരുന്നു. ഈ ക്രൂരകൃത്യത്തിൽ പത്മാവതി സംഭവസ്ഥലത്തുതന്നെ ദാരുണമായി കൊല്ലപ്പെട്ടു.
തുടക്കത്തിൽ ഇതൊരു ട്രെയിൻ അപകടമാണെന്നാണ് കരുതിയതെങ്കിലും, റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയായ പാർത്ഥസാരഥിയെ പിടികൂടുകയായിരുന്നു. കൊലപാതകം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം കേസെടുത്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പരിചരണ ഭാരവും വ്യക്തിപരമായ പ്രശ്നങ്ങളും ഒരു അമ്മയുടെ ജീവനെടുത്ത ഈ ദുരന്തം പ്രദേശത്തെ ജനങ്ങളെയാകെ ദുഃഖത്തിലും അമ്പരപ്പിലുമാക്കിയിരിക്കുകയാണ്.