Blog Post

Karanavars > News > Business > ലേക്കർ ഇന്ത്യ മേൽവിലാസത്തിലെ ദുരൂഹത; വീണാ ടിയ്ക്ക് പുതിയ ഇഡി കുരുക്ക്

ലേക്കർ ഇന്ത്യ മേൽവിലാസത്തിലെ ദുരൂഹത; വീണാ ടിയ്ക്ക് പുതിയ ഇഡി കുരുക്ക്

സിഎംആർഎൽ – എക്സാലോജിക് മാസപ്പടി കേസിൽ വീണ ടി.ക്ക് വീണ്ടും പ്രതിസന്ധി. കേസിൽ ടി. വീണയ്ക്ക് പങ്കാളിത്തമുള്ള കോഴിക്കോട് കേന്ദ്രീകരിച്ചുള്ള ‘ലേക്കർ ഇന്ത്യ കോർപ്’ എന്ന സ്ഥാപനത്തെക്കുറിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം ശക്തമാക്കി. ഈ സ്ഥാപനം ഒരു ഷെൽ കമ്പനിയാണോയെന്ന സംശയത്തിലാണ് ഇഡി പരിശോധന മുന്നോട്ട് കൊണ്ടുപോകുന്നത്.

കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്നുവെന്ന് രേഖകളിൽ അവകാശപ്പെടുന്ന ഈ കമ്പനിക്ക് മേൽവിലാസത്തിൽ വ്യക്തതയില്ലെന്നും യഥാർത്ഥത്തിൽ അവിടെ ഓഫീസില്ലെന്നും ഇഡി കണ്ടെത്തിയിട്ടുണ്ട്. മെഡിക്കൽ ഉപകരണങ്ങളുടെയും സർജിക്കലുകളുടെയും വിൽപ്പനയാണ് ലേക്കർ ഇന്ത്യയുടെ പ്രവർത്തനമായി രേഖകളിൽ കാണിച്ചിട്ടുള്ളത്. എന്നാൽ, മാസപ്പടി കേസിലെ കള്ളപ്പണ ഇടപാടുകളുമായി ബന്ധപ്പെട്ട് ഇന്ന് കേരളത്തിൽ ഇഡി നടത്തിയ വ്യാപക റെയ്ഡുകൾക്ക് പിന്നാലെയാണ് ഈ കമ്പനിയെക്കുറിച്ചുള്ള ദുരൂഹതകൾ പുറത്തുവന്നത്.

ഇന്ന് കോഴിക്കോട് ഉൾപ്പെടെയുള്ള വിവിധ കേന്ദ്രങ്ങളിൽ ഇഡി നടത്തിയ പരിശോധനകളിൽ ഈ സ്ഥാപനവുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. നേരത്തെ വീണയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ലേക്കർ ഇന്ത്യ കോർപിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 15,57,414 രൂപ ഇഡി കണ്ടെത്തി മരവിപ്പിച്ചിരുന്നു. കമ്പനിയുടെ നടത്തിപ്പും പങ്കാളികളെക്കുറിച്ചുമുള്ള വിവരങ്ങൾ ആദ്യഘട്ട ചോദ്യം ചെയ്യലിൽ വീണ വെളിപ്പെടുത്തിയിരുന്നില്ലെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.

തുടർന്ന് ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിൽ നടത്തിയ ചോദ്യം ചെയ്യലിലാണ് കമ്പനിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. നിയാസ് എന്ന വ്യക്തിയാണ് ഈ സ്ഥാപനത്തിലെ മറ്റൊരു പങ്കാളി. വീണയുടെ ഡയറിയിലും ലേക്കർ ഇന്ത്യയുമായി ബന്ധപ്പെട്ട പേരുകൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഇഡി സംശയിക്കുന്നു. എക്സാലോജിക് – സിഎംആർഎൽ വിവാദങ്ങൾക്ക് പിന്നാലെ പുറത്തുവന്ന ലേക്കർ ഇന്ത്യയുടെ സാമ്പത്തിക ഇടപാടുകളും മേൽവിലാസത്തിലെ ദുരൂഹതയും കേസിൽ വീണ ടിക്ക് കൂടുതൽ നിയമക്കുരുക്കുകൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Leave a comment

Your email address will not be published. Required fields are marked *