ഓണക്കാലത്ത് സാധാരണക്കാർക്ക് വലിയ ആശ്വാസമായി സാമൂഹിക സുരക്ഷാ പെൻഷൻ വിതരണം ഇന്ന് ആരംഭിക്കുന്നു. ഓഗസ്റ്റ് 25-ന് നൽകാൻ നിശ്ചയിച്ചിരുന്ന പെൻഷനാണ് ഓണത്തോടനുബന്ധിച്ച് മുൻകൂട്ടി വിതരണം ചെയ്യുന്നത്. ഇതിനായി സർക്കാർ 1,105 കോടി രൂപ അനുവധിച്ചതായി മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു.
സംസ്ഥാനത്തെ 59,00,472 ഗുണഭോക്താക്കൾക്കുള്ള സാമൂഹിക സുരക്ഷാ പെൻഷൻ വിതരണത്തിനായി സംസ്ഥാന വിഹിതമായി 951.40 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. ഇത് കൂടാതെ 16 ക്ഷേമനിധി ബോർഡുകൾ വഴി 6.59 ലക്ഷം പേർക്കുള്ള പെൻഷൻ വിതരണത്തിനായി 130.32 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. വാർധക്യകാല, ഭിന്നശേഷി, വിധവ പെൻഷനുകൾ ഉൾപ്പെടെയുള്ളവയും ഇന്ന് മുതൽ ലഭ്യമാകും.
ഗുണഭോക്താക്കൾക്ക് ഒരു മാസം പോലും പെൻഷൻ മുടങ്ങരുതെന്ന സർക്കാരിന്റെ നയപ്രകാരമാണ് കടുത്ത ധനപ്രതിസന്ധിക്കിടയിലും തുക മുൻകൂട്ടി അനുവദിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പെൻഷൻ തുക ഓഗസ്റ്റ് 31-നകം പൂർണ്ണമായി വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നത്.
ഇതിനുപുറമെ, സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും 4,500 രൂപ ബോണസും 20,000 രൂപ ഓണം അഡ്വാൻസും അനുവദിച്ചിട്ടുണ്ട്. ബോണസിന് അർഹതയില്ലാത്തവർക്ക് 3,000 രൂപയും, പാർട്ട് ടൈം കണ്ടിജന്റ് ജീവനക്കാർക്ക് 6,000 രൂപയും ഉത്സവബത്ത/അഡ്വാൻസ് ലഭിക്കും. സർവീസ് പെൻഷൻകാർക്ക് 1,250 രൂപയും ബോണസ് അനുവദിച്ചിട്ടുണ്ട്. അങ്കണവാടി-ആശാ വർക്കർമാരുടെ കുടിശികകളും ഉത്സവബത്തയും നൽകാൻ പ്രത്യേക തുക മാറ്റിവെച്ചിട്ടുണ്ടെന്നും വിപണി ഇടപടലുകൾക്കായി സപ്ലൈകോയ്ക്കും കൺസ്യൂമർഫെഡിനും തുക മുൻകൂറായി നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.