ശബരിമലയിലേക്ക് വിതരണം ചെയ്ത മില്‍മ നെയ്യ് ക്രമക്കേടുമായി ബന്ധപ്പെട്ട് അന്വേഷണം ശക്തമാക്കി പ്രത്യേക അന്വേഷണ സംഘം (SIT). കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്. പ്രശാന്ത് ഉള്‍പ്പെടെയുള്ളവരെ പ്രതിചേര്‍ക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നതിനിടയിലാണ് ഇന്ന് അന്വേഷണ സംഘത്തിന്റെ കര്‍ശന നടപടികള്‍ ഉണ്ടായത്. പത്തനംതിട്ട മില്‍മ ഡയറിയില്‍ ഇന്ന് എസ്‌ഐടി സംഘം നേരിട്ടെത്തിയാണ് നിര്‍ണായക പരിശോധനകള്‍ നടത്തിയത്.
കഴിഞ്ഞ മണ്ഡലകാലത്ത് ശബരിമലയിലേക്ക് വാങ്ങിയ ലക്ഷക്കണക്കിന് ലിറ്റര്‍ നെയ്യിന്റെ ഇടപാടുകളുമായി ബന്ധപ്പെട്ടാണ് അന്വേഷണം പുരോഗമിക്കുന്നത്. മില്‍മയില്‍ നിന്ന് ഒന്നരലക്ഷത്തിലധികം ലിറ്റര്‍ നെയ്യ് വാങ്ങിയിരുന്നെങ്കിലും ഇതില്‍ വളരെ ചെറിയൊരു ഭാഗം മാത്രമാണ് യഥാര്‍ത്ഥത്തില്‍ ഉപയോഗിച്ചതെന്നാണ് വിജിലന്‍സിന്റെയും എസ്‌ഐടിയുടെയും പ്രഥമിക കണ്ടെത്തല്‍. ഗുണനിലവാരമില്ലാത്ത നെയ്യ് വാങ്ങിയെന്നും യഥാര്‍ത്ഥ നെയ്യ് മറിച്ചുവിറ്റ് വലിയ സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നുമുള്ള ഗുരുതര ആരോപണങ്ങളാണ് അന്വേഷണ പരിധിയിലുള്ളത്.
ഇന്ന് പത്തനംതിട്ട ഡയറിയില്‍ നടത്തിയ റെയ്ഡിനിടയില്‍ ഇടപാടുകള്‍ സംബന്ധിച്ച സുപ്രധാന രേഖകള്‍ അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്. കൂടാതെ സ്ഥാപനത്തിലെ മാര്‍ക്കറ്റിങ് മാനേജറുടെ മൊഴിയും സംഘം രേഖപ്പെടുത്തിയിട്ടുണ്ട്. തട്ടിപ്പിന് പിന്നില്‍ മില്‍മയിലെയും ദേവസ്വം ബോര്‍ഡിലെയും ചില ഉദ്യോഗസ്ഥര്‍ക്ക് നേരിട്ട് പങ്കുണ്ടെന്ന സൂചനയാണ് പുറത്തുവരുന്നത്. ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം എസ്‌പി എം.ജെ. സോജന്റെ നേതൃത്വത്തിലുള്ള ആറംഗ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. വരും ദിവസങ്ങളില്‍ കേസില്‍ ഉള്‍പ്പെട്ട പ്രമുഖരിലേക്കും കൂടുതല്‍ ഉദ്യോഗസ്ഥരിലേക്കും അന്വേഷണം നീളുമെന്നാണ് സൂചന.