വംശനാശ ഭീഷണി നേരിടുന്ന ലാർ ഗിബ്ബൺ (Lar Gibbon) വിഭാഗത്തിൽപ്പെട്ട അപൂർവ്വ കുരങ്ങിനൊപ്പം സമൂഹമാധ്യമങ്ങളിൽ റീൽസ് വീഡിയോ പങ്കുവെച്ച സംഭവത്തിൽ തെന്നിന്ത്യൻ നടൻ ചിയാൻ വിക്രമിന് വനംവകുപ്പ് ഔദ്യോഗികമായി നോട്ടീസ് അയച്ചു. ഇന്നലെയാണ് കേസിൽ അന്വേഷണം ശക്തമാക്കിയ വനംവകുപ്പ് അധികൃതർ നടന് നോട്ടീസ് നൽകിയത്. മൂന്ന് ദിവസത്തിനകം നേരിട്ട് ഹാജരായി വിശദീകരണം നൽകാനാണ് നിർദ്ദേശം.
തെക്കൻ കാടുകളിൽ കാണപ്പെടുന്നതും ഇന്ത്യയിൽ സ്വാഭാവിക ആവാസവ്യവസ്ഥ ഇല്ലാത്തതുമായ ഇത്തരം വിദേശയിനം വന്യജീവികളെ കൈവശം വെക്കുന്നതും പ്രദർശിപ്പിക്കുന്നതും വന്യജീവി സംരക്ഷണ നിയമങ്ങളുടെ ലംഘനമാണെന്ന വിലയിരുത്തലിലാണ് നടപടി. വിവാദം കൊഴുത്തതിന് പിന്നാലെ വിക്രം തന്റെ സമൂഹമാധ്യമ അക്കൗണ്ടിൽ നിന്ന് വീഡിയോ നീക്കം ചെയ്തിരുന്നുവെങ്കിലും വനംവകുപ്പ് അന്വേഷണം ഊർജിതമാക്കുകയായിരുന്നു.
നടൻ വിക്രമിന്റെ മകളുടെ ഭർത്താവിന്റെ പിതാവും പ്രമുഖ വ്യവസായിയുമായ സി.കെ. രംഗനാഥന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ കുരങ്ങുകൾ എന്നാണ് പുറത്തുവരുന്ന വിവരം. ചെന്നൈ ഇഞ്ചംപാക്കിലെ ഫാം ഹൗസിൽ വെച്ചാണ് വീഡിയോ ചിത്രീകരിച്ചതെന്നാണ് പ്രാഥമിക നിഗമനം. മണിപ്പൂരിൽ നിന്നും ഈറോഡ് വഴി എത്തിച്ച ഈ അപൂർവ്വ വന്യജീവികളെ സംബന്ധിച്ചുള്ള നിയമപരമായ ഉടമസ്ഥാവകാശ രേഖകൾ ഹാജരാക്കാൻ വ്യവസായിയോടും വനംവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ, ഇഞ്ചംപാക്കിലെ ഫാം ഹൗസിൽ നിന്നും മൃഗങ്ങളെ വനംവകുപ്പ് കസ്റ്റഡിയിലെടുത്ത് മാറ്റുകയും ചെയ്തിട്ടുണ്ട്. അനുമതിയില്ലാതെ വിദേശ വന്യജീവികളെ കൈവശം വെച്ചതിനും നിയമങ്ങൾ ലംഘിച്ചതിനും നിയമപരമായ തുടർനടപടികളിലേക്ക് കടക്കാനാണ് അധികൃതരുടെ തീരുമാനം.