കാസര്‍കോട് കാലിക്കടവില്‍ വന്‍ ലഹരിമരുന്നുമായി മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്റര്‍ അടക്കമുള്ളവര്‍ പിടിയിലായ സംഭവത്തില്‍ അന്വേഷണം വ്യാപകമാക്കി പൊലീസ്. കേസില്‍ പിടിയിലായ പ്രതികളുമായി ബന്ധമുള്ള മറ്റ് കൂട്ടാളികളെയും ലഹരി ഇടപാടിലെ പ്രധാന കണ്ണികളെയും കണ്ടെത്താനായി അന്വേഷണ സംഘം പരിശോധനകള്‍ ഊർജിതമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളില്‍ കാസര്‍കോട് വെച്ച് നടത്തിയ കര്‍ശന വാഹന പരിശോധനയിലാണ് 139.29 ഗ്രാം എം.ഡി.എം.എയുമായി മുഹമ്മദ് ഹുസൈന്, അബ്ദുള്‍ സലാം ഉള്‍പ്പെടെയുള്ള പ്രതികള്‍ പൊലീസിന്റെ പിടിയിലായത്. ‘ഓപ്പറേഷന് തൂഫാന്’ എന്ന ലഹരിവിരുദ്ധ ദൗത്യത്തിന്റെ ഭാഗമായി ചന്ദേര പൊലീസാണ് ഇവരെ പിടികൂടിയത്. രാഷ്ട്രീയ കേന്ദ്രങ്ങളില്‍ വലിയ കോളിളക്കം സൃഷ്ടിച്ച ഈ സംഭവത്തിന് പിന്നാലെ, പ്രതികളുടെ മറ്റ് ലഹരി ബന്ധങ്ങളെക്കുറിച്ചും സാമ്പത്തിക ഇടപാടുകളെക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികളില്‍ ഒരാളായ അബ്ദുള്‍ സലാമിന് ചില കുറ്റവാളി സംഘങ്ങളുമായി ബന്ധമുണ്ടെന്ന വിവരം ഇന്ന് പുറത്തുവന്നിട്ടുണ്ട്. കൂടാതെ, ലഹരി വസ്തുക്കള്‍ എവിടെ നിന്നെത്തിച്ചു, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇവര്‍ക്ക് ഏതൊക്കെ ഇടനിലക്കാരുണ്ട് തുടങ്ങിയ നിര്‍ണ്ണായക വിവരങ്ങളാണ് പൊലീസ് പ്രധാനമായും പരിശോധിക്കുന്നത്. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്നതോടെ ലഹരി കടത്ത് സംഘത്തിലെ കൂടുതല്‍ പേര് കുടുങ്ങുമെന്നാണ് വിലയിരുത്തപ്പെടുന്നത്. രാഷ്ട്രീയ തലത്തിലും വലിയ ചര്‍ച്ചയായ ഈ കേസ് കേരളത്തില്‍ വലിയ കോലാഹലത്തിനാണ് വഴിവെച്ചിരിക്കുന്നത്.