ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനും ബി.സി.സി.ഐ മുൻ അധ്യക്ഷനുമായ സൗരവ് ഗാംഗുലിക്കും ഭാര്യ ദോണ ഗാംഗുലിക്കും വധഭീഷണി. ഇന്നലെ (തിങ്കളാഴ്ച) സൗരവ് ഗാംഗുലിയുടെ ഓഫീസിൽ ലഭിച്ച കത്തുകളിലാണ് അദ്ദേഹത്തെയും കുടുംബത്തെയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുള്ളത്. സംഭവത്തിൽ കൊൽക്കത്ത പോലീസ് ഔദ്യോഗികമായി അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ആറുമാസത്തോളമായി സൗരവ് ഗാംഗുലിയുടെ പേരിൽ ഇത്തരത്തിലുള്ള ഭീഷണിക്കത്തുകൾ ഓഫീസിൽ എത്തുന്നുണ്ടായിരുന്നുവെന്ന് പരാതിയിൽ വ്യക്തമാക്കുന്നു. എന്നാൽ ആരാധകരുടെ വെറും ആക്ഷേപങ്ങളോ അതൃപ്തിയോ ആയിരിക്കാം എന്നുകരുതി തുടക്കത്തിൽ കുടുംബം ഇത് ഗൗരവത്തിലെടുത്തിരുന്നില്ല. എന്നാൽ ഇന്നലെ ലഭിച്ച രണ്ട് കത്തുകളിൽ അദ്ദേഹത്തെയും ഭാര്യയെയും ഉന്നമിട്ടുള്ള കടുത്ത ഭാഷയും വധഭീഷണിയും ഉൾപ്പെട്ടതോടെയാണ് വിഷയം പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്.
സൗരവ് ഗാംഗുലിയുടെ ഓഫീസിൽ നിന്നും നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ദക്ഷിണ കൊൽക്കത്തയിലെ താക്കൂർപുകൂർ പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കത്തുകൾ അയച്ചതിന്റെ ഉറവിടം കണ്ടെത്താൻ കൊൽക്കത്ത പോലീസ് തീവ്രമായ അന്വേഷണത്തിലാണ്. പ്രാഥമിക അന്വേഷണത്തിൽ ഉത്തര 24 പർഗാനാസ് ജില്ലയിലെ ബെൽഗേറിയയിൽ നിന്നാണ് കൊറിയർ വഴി ഈ കത്തുകൾ അയച്ചിരിക്കുന്നതെന്ന് സൂചന ലഭിച്ചിട്ടുണ്ട്.
കത്തുകൾ അയക്കാൻ ഉപയോഗിച്ച മൊബൈൽ ഫോൺ നമ്പറുകളും കൊറിയർ സേവനങ്ങളും കേന്ദ്രീകരിച്ചുള്ള അന്വേഷണം പോലീസ് ഊർജിതമാക്കിയിട്ടുണ്ട്. എല്ലാ കത്തുകളും ഒരാൾ തന്നെയാണ് അയച്ചതാണോ അതോ ഇതിന് പിന്നിൽ മറ്റാരെങ്കിലുമാണോ എന്ന് പോലീസ് പരിശോധിച്ചു വരികയാണ്. നിലവിൽ വൈ-കാറ്റഗറി സുരക്ഷയിലുള്ള സൗരവ് ഗാംഗുലിക്കെതിരെയുള്ള ഈ വധഭീഷണി കായിക ലോകത്തും അദ്ദേഹത്തിന്റെ ആരാധകർക്കിടയിലും വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.