Blog Post

Karanavars > News > International > യുദ്ധ നാശ നഷ്ടങ്ങൾക്ക് ഇറാൻ നഷ്ടപരിഹാരം നൽകണമെന്ന് ഡോണാൾഡ് ട്രംപ്

യുദ്ധ നാശ നഷ്ടങ്ങൾക്ക് ഇറാൻ നഷ്ടപരിഹാരം നൽകണമെന്ന് ഡോണാൾഡ് ട്രംപ്

അമേരിക്കയ്ക്കും സഖ്യകക്ഷികൾക്കുമെതിരെ വിവിധ കാലങ്ങളിലുണ്ടായ ആക്രമണങ്ങളിലും നിലവിലെ സൈനിക സംഘർഷങ്ങളിലും കൊല്ലപ്പെട്ടവർക്കും പരിക്കേറ്റവർക്കും ഇറാൻ നഷ്ടപരിഹാരം നൽകണമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടു. ഇന്നലെയാണ് ഇറാൻ്റെ പുതിയ വ്യവസ്ഥകൾക്ക് മറുപടിയായി ട്രംപ് ഈ പ്രഖ്യാപനം നടത്തിയത്.

ഹോർമുസ് കടലിടുക്ക് പൂർണ്ണമായി തുറക്കണമെങ്കിൽ അമേരിക്ക യുദ്ധക്കെടുതികൾക്കുള്ള നഷ്ടപരിഹാരം ഉൾപ്പെടെയുള്ള വ്യവസ്ഥകൾ അംഗീകരിക്കണമെന്ന് ഇറാൻ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇറാനെതിരെ സമാനമായ പുതിയ ആവശ്യവുമായി ട്രംപ് രംഗത്തെത്തിയത്. റോഡ് സൈഡ് ബോംബ് സ്ഫോടനങ്ങളിലും വിവിധ സംഘർഷങ്ങളിലും കൊല്ലപ്പെട്ട അമേരിക്കൻ പൗരന്മാർക്കും സൈനികർക്കും പുറമെ, കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിനിടെ ഇറാനിൽ ഭരണകൂട നടപടികളിൽ കൊല്ലപ്പെട്ട നിരപരാധികളായ പ്രക്ഷോഭകരുടെ കുടുംബങ്ങൾക്കും നഷ്ടപരിഹാരം നൽകണമെന്ന് ട്രംപ് ആവശ്യപ്പെട്ടു.

ഈ പ്രധാനപ്പെട്ട നഷ്ടപരിഹാര ആവശ്യം വരുംകാലങ്ങളിലെ എല്ലാ ഔദ്യോഗിക ചർച്ചകളിലും ഉന്നയിക്കാൻ തന്റെ പ്രതിനിധികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കങ്ങൾ പുതിയ തലത്തിലേക്ക് നീങ്ങുന്നത് അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില വർദ്ധനവിനും കാരണമായിട്ടുണ്ട്.

Leave a comment

Your email address will not be published. Required fields are marked *