Blog Post

Karanavars > News > Actresscase > നടിയെ ലഹരി നൽകി പീഡിപ്പിച്ച കേസ്: സംവിധായകൻ ഷക്കീൽ നൂറാനി അറസ്റ്റിൽ

നടിയെ ലഹരി നൽകി പീഡിപ്പിച്ച കേസ്: സംവിധായകൻ ഷക്കീൽ നൂറാനി അറസ്റ്റിൽ

സിനിമാ ചർച്ചയ്ക്കായി വിളിച്ചുവരുത്തി ലഹരി നൽകി നടിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രമുഖ ബോളിവുഡ് സംവിധായകൻ ഷക്കീൽ നൂറാനി (73) യെ മുംബൈ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തു. ‘ബഡേ ദിൽവാല’, ‘ജോരു കാ ഗുലാം’ തുടങ്ങിയ ജനപ്രിയ ചിത്രങ്ങളുടെ സംവിധായകനും നിർമാതാവുമാണ് അറസ്റ്റിലായ ഷക്കീൽ നൂറാനി.

മുംബൈ മാൽവാനിയിലെ വീട്ടിലേക്ക് പുതിയ സിനിമയുടെ ചർച്ചയ്ക്കായി വിളിച്ചുവരുത്തിയാണ് നടിക്ക് നേരെ അതിക്രമം ഉണ്ടായത്. കുടിക്കാൻ നൽകിയ പാനീയത്തിൽ ലഹരി കലർത്തി നൽകിയ ശേഷം നടിക്ക് നേരെ ക്രൂരമായ ലൈംഗികാതിക്രമം നടത്തുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കുന്നു. പീഡന ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തുകയും, വിവരം പുറത്തുപറഞ്ഞാൽ വിഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി നിരന്തരം ബ്ലാക്ക്‌മെയിൽ ചെയ്ത് പീഡനം തുടർന്നെന്നുമാണ് 33 കാരിയായ നടിയുടെ പരാതി.

2016-ൽ ലോഖണ്ഡ്‌വാലയിൽ നടന്ന ഒരു അവാർഡ് ദാന ചടങ്ങിൽ വെച്ചാണ് പരാതിക്കാരിയായ നടി ഷക്കീൽ നൂറാനിയെ പരിചയപ്പെടുന്നത്. തുടർന്ന് സിനിമയിൽ പുതിയ അവസരങ്ങൾ വാഗ്ദാനം ചെയ്ത് സംവിധായകൻ അടുപ്പം സ്ഥാപിക്കുകയായിരുന്നു. തുടർച്ചയായ ഭീഷണികളും പീഡനങ്ങളും സഹിക്കവയ്യാതെ വന്നതോടെയാണ് നടി പൊലീസിനെ സമീപിക്കുകയും പരാതി നൽകുകയും ചെയ്തത്.

പരാതിയുടെ അടിസ്ഥാനത്തിൽ ബലാത്സംഗം ഉൾപ്പെടെയുള്ള വിവിധ കുറ്റങ്ങൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. അറസ്റ്റിന് പിന്നാലെ കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഓഗസ്റ്റ് 12 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് മുംബൈ പൊലീസ് അറിയിച്ചു. സിനിമാമേഖലയെ ഞെട്ടിച്ചിരിക്കുന്ന ഈ വാർത്ത വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്.

Leave a comment

Your email address will not be published. Required fields are marked *