അന്താരാഷ്ട്ര വിപണികളെ കടുത്ത അനിശ്ചിതത്വത്തിലാക്കി പശ്ചിമേഷ്യൻ സംഘർഷം വീണ്ടും മുറുകുന്നു. ലോകത്തിന്റെ അഞ്ചിലൊന്ന് ക്രൂഡോയിലും കടന്നുപോകുന്ന തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ ഇസ്രയേൽ കപ്പലുകൾക്ക് കർശന പ്രവേശന വിലക്കേർപ്പെടുത്താൻ ഒരുങ്ങി ഇറാൻ. ഒമാനുമായി ഒപ്പിടാൻ തയ്യാറെടുക്കുന്ന പുതിയ സമുദ്രപാത കരാറിലാണ് കപ്പലുകളെ നിയന്ത്രിക്കാനും വിലക്കാനുമുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തിയിരിക്കുന്നത്.
അമേരിക്കയും ഇസ്രയേലും സംയുക്തമായി ഇറാനിൽ നടത്തിയ സൈനിക നീക്കങ്ങളെത്തുടർന്ന് തടസ്സപ്പെട്ട സമുദ്രവ്യാപാരം പുനഃസ്ഥാപിക്കാൻ ലക്ഷ്യമിട്ടാണ് ഇറാൻ ഒമാനുമായി പുതിയ ചർച്ചകൾ നടത്തിയത്. കരാർ നിലവിൽ വരുന്നതോടെ പേർഷ്യൻ ഉൾക്കടലിലേക്കുള്ള കപ്പൽ ഗതാഗതം ടെഹ്റാന്റെ നേരിട്ടുള്ള മേൽനോട്ടത്തിലും നിയന്ത്രണത്തിലാകും. വടക്കൻ റൂട്ട് ഇറാനിയൻ ജലപാതയിലൂടെയും തെക്കൻ റൂട്ട് ഒമാനി ജലപാതയിലൂടെയും കടന്നുപോകുന്ന രീതിയിലാണ് പുതിയ ക്രമീകരണം.
എങ്കിലും, യുദ്ധ സാഹചര്യം തുടരുന്നതിനാൽ ശത്രുരാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി ഇസ്രയേലിന്റെയും അമേരിക്കയുടെയും ബന്ധപ്പെട്ട കപ്പലുകൾക്ക് ഈ സമുദ്രപാതയിൽ പ്രവേശനം നിഷേധിക്കാനാണ് ഇറാൻ നീക്കം. ചരക്ക് നീക്കത്തിന് വലിയ തോതിൽ ഫീസും ടോളും ഈടാക്കാനും ഇറാനിയൻ പാർലമെന്റും വിദേശകാര്യ മന്ത്രാലയവും പദ്ധതിയിടുന്നുണ്ട്.
ഈ പുതിയ നീക്കം അന്താരാഷ്ട്ര തലത്തിൽ വലിയ ഊർജ്ജ പ്രതിസന്ധിക്കും നയതന്ത്ര പോരിനും വഴിവെച്ചിരിക്കുകയാണ്. ജലപാത പൂർണ്ണമായും അന്താരാഷ്ട്ര സ്വഭാവമുള്ളതാണെന്നും യാതൊരു നിയന്ത്രണങ്ങളും അംഗീകരിക്കില്ലെന്നുമുള്ള നിലപാടിലാണ് യു.എസ്. അതേസമയം, കരാർ അന്തിമഘട്ടത്തിലേക്ക് കടക്കുമ്പോൾ ആഗോള വിപണിയിൽ എണ്ണവില വീണ്ടും കുതിച്ചുയരുമെന്ന ആശങ്കയിലാണ് സാമ്പത്തിക വിദഗ്ദ്ധർ.