ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും യാത്രക്കാരുടെ മൊബൈൽ ഫോണുകൾ മോഷ്ടിച്ച അന്തർസംസ്ഥാന സംഘം പൊലീസിന്റെയും ആർ.പി.എഫിന്റെയും പിടിയിലായി. ബംഗാൾ സ്വദേശികളായ ബൽറാം നുനിയ, ഭവാനി മോഹൻ പാണ്ഡേ എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കൊപ്പം സംഘത്തിലുണ്ടായിരുന്ന പ്രായപൂർത്തിയാകാത്ത ഒരാളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കഴിഞ്ഞ ഒരാഴ്ചയായി തൃശൂർ, ആലുവ, എറണാകുളം റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ചായിരുന്നു ഈ സംഘം മോഷണം നടത്തിവന്നിരുന്നത്. ട്രെയിനുകളിലേക്ക് ആളുകൾ തിക്കിത്തിരക്കിക്കയറുന്ന സമയങ്ങളും, ട്രെയിൻ പുറപ്പെടാൻ തയ്യാറെടുക്കുന്ന നിമിഷങ്ങളുമാണ് ഇവർ മോഷണത്തിനായി തിരഞ്ഞെടുത്തിരുന്നത്. കുട്ടികളെ മുൻനിർത്തിയായിരുന്നു പ്രതികൾ പ്രധാനമായും ഇത്തരം കൃത്യങ്ങൾ നടത്തിയിരുന്നത്.
യാത്രക്കാരുടെ പരാതിയെ തുടർന്ന് റെയിൽവേ സ്റ്റേഷനുകളിലെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. എറണാകുളം ആർ.പി.എഫ് യൂണിറ്റും, ക്രൈം ഇന്റലിജൻസും, റെയിൽവേ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
പ്രതികളിൽ നിന്ന് അഞ്ച് ലക്ഷം രൂപത്തോളം വിലവരുന്ന 14 മൊബൈൽ ഫോണുകൾ കണ്ടെടുത്തു. അറസ്റ്റിലായ പ്രതികളെയും പിടിച്ചെടുത്ത തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കി. ട്രെയിൻ യാത്രക്കാർക്കിടയിൽ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി റെയിൽവേ പൊലീസും ആർ.പി.എഫും പരിശോധനകൾ കൂടുതൽ ഊർജിതമാക്കിയിട്ടുണ്ട്.