സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടയിൽ മഴക്കെടുതികളിൽ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം ആറായി ഉയർന്നു. കാലാവസ്ഥാ വകുപ്പ് തൃശൂർ ജില്ലയിൽ കൂടി റെഡ് അലേർട്ട് പ്രഖ്യാപിച്ചതോടെ കേരളത്തിലെ ആകെ ഒമ്പത് ജില്ലകൾ അതിതീവ്ര ജാഗ്രതയിലാണ്. ഇടുക്കി, കോട്ടയം ജില്ലകളിലുണ്ടായ ഭീകരമായ ഉരുൾപൊട്ടലുകളിലും വിവിധ പ്രദേശങ്ങളിലുണ്ടായ അപകടങ്ങളിലുമാണ് ആറ് പേരുടെ ജീവൻ പൊലിഞ്ഞത്.
ഇടുക്കി അടൂർമലയിലുണ്ടായ ഉരുൾപൊട്ടലിൽ സുമതിയും, വാഗമൺ കോലാഹലമേട്ടിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വൈക്കം സ്വദേശി പ്രഭാകരൻ നായരും ദുരന്തത്തിന് ഇരയായി. പൂഞ്ഞാർ പയ്യാനിത്തോട്ടത്തിൽ വീട് ഇടിഞ്ഞുവീണ് ജോസഫിൻ ജോണിയും മരണപ്പെട്ടു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ കാറ്റും മഴയും തുടരുന്നതിനാൽ താഴ്ന്ന പ്രദേശങ്ങളും മലയോര മേഖലകളും കടുത്ത ഭീതിയിലാണ്.
നിലവിലെ സാഹചര്യത്തിൽ പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ഒമ്പത് ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പലയിടങ്ങളിലും നദികൾ കരകവിഞ്ഞൊഴുകുകയാണ്. പ്രധാന അണക്കെട്ടുകളിലെ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് ഡാമുകളുടെ ഷട്ടറുകൾ ഉയർത്തിയിട്ടുണ്ട്. മലയോര ഹൈവേകളിലും വിവിധ റോഡുകളിലും മണ്ണിടിച്ചിൽ മൂലം ഗതാടം തടസ്സപ്പെട്ടിട്ടുണ്ട്.
ദുരന്തസാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കുന്നതിനായി ജില്ലാ ഭരണകൂടങ്ങളുടെ നേതൃത്വത്തിൽ ക്യാമ്പുകൾ തുറന്നു പ്രവർത്തിച്ചുതുടങ്ങിയിട്ടുണ്ട്. ഫയർഫോഴ്സും, പോലീസും, റവന്യൂ വകുപ്പും അതത് മേഖലകളിൽ സജീവമായി രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് വരികയാണ്. അടുത്ത മണിക്കൂറുകളിലും മഴ ശക്തമായി തുടരാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കാൻ അധികൃതർ പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.