2027-ലെ ഐ.സി.സി ഏകദിന ലോകകപ്പിനുള്ള ഇന്ത്യയുടെ സാധ്യതാ ടീമിനെ പ്രഖ്യാപിച്ച് മുൻ ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. ക്രിക്ഇൻഫോയുടെ ചർച്ചാ പരിപാടിയിലാണ് അശ്വിൻ തന്റെ ചോയ്സ് വ്യക്തമാക്കിയത്. എന്നാൽ ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചുകൊണ്ട് മലയാളി താരം സഞ്ജു സാംസണെയും വിക്കറ്റ് കീപ്പർ റിഷഭ് പന്തിനെയും അദ്ദേഹം ടീമിൽ ഉൾപ്പെടുത്തിയില്ല. സഞ്ജുവിന് പകരം കെ.എൽ. രാഹുലിനെയും ഇഷാൻ കിഷനെയുമാണ് അശ്വിൻ വിക്കറ്റ് കീപ്പർമാരായി തിരഞ്ഞെടുത്തിരിക്കുന്നത്.
ടീമിലെ ഏറ്റവും വലിയ സർപ്രൈസ് നീക്കം 2022-ന് ശേഷം ഇന്ത്യൻ ഏകദിന ടീമിൽ കളിച്ചിട്ടില്ലാത്ത പേസർ ഭുവനേശ്വർ കുമാറിന്റെ തിരിച്ചുവരവാണ്. കഴിഞ്ഞ ഐ.പി.എല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനായി (ആർ.സി.ബി) മികച്ച പ്രകടനം പുറത്തെടുത്ത് 28 വിക്കറ്റുകൾ വീഴ്ത്തിയ ഭുവനേശ്വറിന്റെ പരിചയസമ്പത്ത് ദക്ഷിണാഫ്രിക്കൻ സാഹചര്യങ്ങളിൽ ഇന്ത്യക്ക് തുണയാകുമെന്ന് അശ്വിൻ അഭിപ്രായപ്പെട്ടു. ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന അടുത്ത ലോകകപ്പിൽ കളിക്കാൻ താരം ആഭ്യന്തര ടൂർണമെന്റുകളിലും വിജയ് ഹസാരെ ട്രോഫിയിലും സജീവമാകണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
രോഹിത് ശർമ്മ, വിരാട് കോലി എന്നിവർക്കൊപ്പം ശുഭ്മൻ ഗില്ലിനെയാണ് അശ്വിൻ ടീമിന്റെ ക്യാപ്റ്റനായി തിരഞ്ഞെടുത്തത്. ബാറ്റിംഗ് നിരയിൽ ശ്രേയസ് അയ്യരും ഓൾറൗണ്ടർമാരായി ഹാർദിക് പാണ്ഡ്യ, അക്ഷർ പട്ടേൽ എന്നിവരും ഇടംപിടിച്ചു. സ്പിൻ വിഭാഗത്തിൽ കുൽദീപ് യാദവിനാണ് മുൻഗണന. പേസ് നിരയിൽ ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, ഹർഷിത് റാണ എന്നിവർക്കൊപ്പം ഭുവനേശ്വർ കുമാറും ഇടംനേടിയപ്പോൾ, മുഹമ്മദ് ഷമി ഉൾപ്പെടെയുള്ള പ്രമുഖർ ഒഴിവാക്കപ്പെട്ടു. യുവതാരം വൈഭവ് സൂര്യവംശിക്കും ടീമിൽ ഇടം ലഭിച്ചിട്ടില്ല.