ലോകത്തിലെ ഏറ്റവും സമ്പന്നനായ വ്യവസായി എലോൺ മാസ്കിന്റെ ആസ്തിയിൽ വൻ ഇടിവ്. സ്പേസ്എക്സിന്റെ ഓഹരി വിലയിലുണ്ടായ കനത്ത തിരിച്ചടിയാണ് എലോൺ മാസ്കിന്റെ ആസ്തിയിൽ വൻ തകർച്ചയ്ക്ക് കാരണമായത്. ജൂൺ 16-ന് ഓഹരി ഒന്നിന് 201.80 ഡോളർ എന്ന റെക്കോർഡ് ഉയർന്ന നിലവാരത്തിലെത്തി കുതിച്ച സ്പേസ്എക്സ് ഓഹരികൾ പിന്നീട് വിപണിയിൽ കൂപ്പുകുത്തുകയായിരുന്നു.
ആഗോള സാമ്പത്തിക വിപണിയിലുണ്ടായ തകർച്ചയും സാങ്കേതിക മേഖലയിലെ ഓഹരികളിൽ നിന്നുള്ള നിക്ഷേപകരുടെ പിന്മാറ്റവുമാണ് സ്പേസ്എക്സിനെയും ടെസ്ലയെയും ഒരുപോലെ ബാധിച്ചത്. സ്പേസ്എക്സ് ഓഹരികൾ ഇടിഞ്ഞതോടുകൂടി എലോൺ മാസ്കിന്റെ ആസ്തിയിൽ ലക്ഷക്കണക്കിന് കോടി രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ചരിത്രത്തിൽ ആദ്യമായി ഒരു ലക്ഷം കോടി (ട്രില്യൺ) ഡോളർ ആസ്തിയെന്ന നേരെത്തിലേക്ക് എലോൺ മാസ്കിനെ എത്തിച്ച സ്പേസ്എക്സ് മുന്നേറ്റമാണ് ഈ തിരിച്ചടിയോടെ വഴിമാറിയത്.
എലോൺ മാസ്കിന്റെ ആസ്തിയുടെ സിംഹഭാഗവും സ്പേസ്എക്സിലെയും ടെസ്ലയിലെയും ഓഹരികളെയാണ് ആശ്രയിച്ചിരിക്കുന്നത്. വിപണിയിലെ ഈ പെട്ടെന്നുള്ള വ്യതിയാനം അദ്ദേഹത്തിന്റെ വ്യക്തിഗത സമ്പത്തിനെ ഗുരുതരമായി ബാധിച്ചു. എങ്കിലും ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയെന്ന സ്ഥാനം നിലവിൽ എലോൺ മാസ്ക് തുടരുന്നുണ്ട്. വിപണി വിശകലന വിദഗ്ധർ ഇതിനെ ഒരു സ്വാഭാവിക വിപണി തിരുത്തലായിട്ടാണ് വിലയിരുത്തുന്നത്. ഭാവിയിൽ സ്പേസ്എക്സിന്റെ പുതിയ പദ്ധതികളും ഓഹരി വിപണിയിലെ മാറ്റങ്ങളും എലോൺ മാസ്കിന്റെ സമ്പത്തിനെ ഏത് രീതിയിൽ സ്വാധീനിക്കുമെന്ന ആകാംക്ഷയിലാണ് സാമ്പത്തിക ലോകം.