വാഹനങ്ങളിലെ രൂപമാറ്റങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ നിർണായക നീക്കവുമായി സംസ്ഥാന മോട്ടോർ വാഹന വകുപ്പ് (MVD). വാഹനങ്ങളിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചും പേഴ്സണലൈസേഷനെക്കുറിച്ചും പൊതുജനങ്ങളുടെയും വാഹനപ്രേമികളുടെയും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും തേടിക്കൊണ്ട് MVD പ്രത്യേക ഓൺലൈൻ സർവേ ആരംഭിച്ചു. ഗൂഗിൾ ഫോം വഴിയാണ് സർവേ സംഘടിപ്പിച്ചിരിക്കുന്നത്.
റോഡ് സുരക്ഷയും കർശനമായ പരിസ്ഥിതി മാനദണ്ഡങ്ങളും പൂർണ്ണമായും പാലിച്ചുകൊണ്ട്, വാഹനപ്രേമികൾക്ക് അനുയോജ്യമായ വ്യക്തവും പുരോഗമനപരവുമായ ഒരു നയരേഖ രൂപീകരിക്കുകയാണ് ഈ സർവേയിലൂടെ ലക്ഷ്യമിടുന്നത്. വാഹന മോഡിഫിക്കേഷൻ ഏതുതരത്തിലാകാം, രൂപമാറ്റം ഏതു രീതിയിൽ വരുത്താം, ഇതുമായി ബന്ധപ്പെട്ട നിയമപരമായ പ്രശ്നങ്ങൾ എന്തൊക്കെയാണ് തുടങ്ങിയ സുപ്രധാന വിഷയങ്ങളാണ് സർവേയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
വാഹനപ്രേമികളുടെയും യുവതലമുറയുടെയും ഏറെ നാളത്തെ ആവശ്യങ്ങൾക്ക് നിയമപരമായ പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ഈ നടപടിയിലേക്ക് കടന്നിരിക്കുന്നത്. ശേഖരിക്കുന്ന നിർദ്ദേശങ്ങളും ഡാറ്റയും വിദഗ്ധ സമിതിയുടെ പരിശോധനയ്ക്ക് വിധേയമാക്കും. പൊതുജനങ്ങൾക്കും വാഹനപ്രേമികൾക്കും തങ്ങളുടെ അഭിപ്രായങ്ങൾ സർവേയിലൂടെ രേഖപ്പെടുത്താൻ അവസരമുണ്ട്. സർവേയിലൂടെ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന അന്തിമ റിപ്പോർട്ട് അടുത്ത മന്ത്രിസഭായോഗത്തിന്റെ പരിഗണനയ്ക്ക് വക്കുമെന്നാണ് സൂചന.