Blog Post

Karanavars > News > Childabuse > നിലമ്പൂരിൽ നവജാത ശിശുവിനെ ശുചിമുറിയിൽ ഉപേക്ഷിച്ച സംഭവം: ചാലിയാർ സ്വദേശിനിയായ യുവതിക്കെതിരെ അന്വേഷണം

നിലമ്പൂരിൽ നവജാത ശിശുവിനെ ശുചിമുറിയിൽ ഉപേക്ഷിച്ച സംഭവം: ചാലിയാർ സ്വദേശിനിയായ യുവതിക്കെതിരെ അന്വേഷണം

മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിൽ നവജാത ശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ചാലിയാർ സ്വദേശിയായ യുവതിയാണ് താൻ ജന്മം നൽകിയ കുഞ്ഞിനെ ആശുപത്രിയിലെ ശുചിമുറിയിലെ ബക്കറ്റിൽ ഉപേക്ഷിച്ചത്. തിങ്കളാഴ്ച രാത്രിയോടെയാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്.

കടുത്ത വയറുവേദനയെയും അമിത രക്തസ്രാവത്തെയും തുടർന്ന് ചാലിയാർ സ്വദേശിയായ യുവതിയും ഭർത്താവും നിലമ്പൂർ അകമ്പാടത്തുള്ള ഫാത്തിമ ആശുപത്രിയിൽ ചികിത്സ തേടിയെത്തുകയായിരുന്നു. എന്നാൽ ഇവിടെ ആവശ്യമായ ഗൈനക്കോളജി വിഭാഗമില്ലാത്തതിനാലും, അടിയന്തര വിദഗ്ദ്ധ ചികിത്സ ആവശ്യമായതിനാലും ഡോക്ടർമാർ മറ്റൊരു ആശുപത്രിയിലേക്ക് മാറാൻ നിർദ്ദേശം നൽകി.

തുടർന്ന് വസ്ത്രം മാറാനുണ്ടെന്ന് പറഞ്ഞ് യുവതി ആശുപത്രിയിലെ ശുചിമുറിയിലേക്ക് പോവുകയും, അവിടെ വെച്ച് പ്രസവിച്ച ശേഷം നവജാത ശിശുവിനെ ബക്കറ്റിൽ ഉപേക്ഷിക്കുകയുമായിരുന്നു. വസ്ത്രം മാറാനായി കയറിയതാണെന്നാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സുമാരും ജീവനക്കാരും കരുതിയത്. ഇതിനുശേഷം ഇവർ ഭർത്താവിനൊപ്പം ആംബുലൻസിൽ നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് പോവുകയും ചെയ്തു.

ചൊവ്വാഴ്ച രാവിലെ ആശുപത്രിയിലെ ശുചിമുറി വൃത്തിയാക്കാൻ എത്തിയ ജീവനക്കാരിയാണ് ബക്കറ്റിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ നവജാത ശിശുവിനെ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രി അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് നിലമ്പൂർ പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി.

കുഞ്ഞ് നേരത്തെ തന്നെ മരണപ്പെട്ടിരുന്നു. നിലവിൽ ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവതിയുടെയും ഭർത്താവിന്റെയും മൊഴികൾ രേഖപ്പെടുത്താനും നിയമനടപടികൾ സ്വീകരിക്കാനുമുള്ള തയ്യാറെടുപ്പിലാണ് പോലീസ്. സംഭവത്തിൽ ദുരൂഹത നീക്കുന്നതിനായി പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a comment

Your email address will not be published. Required fields are marked *