സംവിധായകനും ബിഗ് ബോസ് താരവുമായ അഖിൽ മാരാർ എൻഡിഎ ഘടകകക്ഷിയായ ട്വന്റി 20 പാർട്ടിയിൽ നിന്നുള്ള തന്റെ ബന്ധം ഔദ്യോഗികമായി അവസാനിപ്പിച്ചു. പാർട്ടി അധ്യക്ഷൻ സാബു എം. ജേക്കബിനെതിരെ ഗുരുതരമായ വഞ്ചനാക്കുറ്റവും അവഗണനയും ആരോപിച്ചാണ് അഖിൽ മാരാറിന്റെ പടിയിറക്കം. പാർട്ടിയിൽ യാതൊരുവിധ പ്രവർത്തന സ്വാതന്ത്ര്യവുമില്ലെന്നും സാബു ജേക്കബ് വ്യക്തിപരമായ നേട്ടങ്ങൾക്കായി മാത്രം പ്രസ്ഥാനത്തെ ഉപയോഗിക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃക്കാക്കര മണ്ഡലത്തിലെ എൻഡിഎ-ട്വന്റി 20 സ്ഥാനാർത്ഥിയായിരുന്ന അഖിൽ മാരാർ, തനിക്ക് സീറ്റ് നൽകിയതിൽ ഉൾപ്പെടെ കടുത്ത വഞ്ചന നേരിട്ടതായി വെളിപ്പെടുത്തി. തുടക്കത്തിൽ കൊട്ടാരക്കര സീറ്റിൽ മത്സരിക്കാമെന്ന് ഉറപ്പുനൽകിയ സാബു ജേക്കബ് പിന്നീട് ആ വാഗ്ദാനത്തിൽ നിന്ന് പിന്മാറുകയായിരുന്നു. തുടർന്ന് തൃപ്പൂണിത്തുറ സീറ്റ് നൽകാമെന്ന് പറഞ്ഞും അവസാന നിമിഷം തന്നെ തൃക്കാക്കരയിലേക്ക് മാറ്റുകയായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ സ്വന്തം ചെലവുകൾക്കായി 20 ലക്ഷം രൂപ വിലമതിക്കുന്ന മോട്ടോർസൈക്കിൾ പകുതി വിലയ്ക്ക് വിൽക്കേണ്ടി വന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പിന് ശേഷം പാർട്ടി കാര്യങ്ങൾക്കായി സാബു ജേക്കബിനെ ഫോണിൽ ബന്ധപ്പെടുമ്പോൾ അദ്ദേഹം തിരിഞ്ഞുനോക്കുകയോ പ്രതികരിക്കുകയോ ചെയ്യാറില്ലെന്നും അഖിൽ കുറ്റപ്പെടുത്തി. പാർട്ടിയുടെ കൊല്ലം ജില്ലാ ചുമതല ആവശ്യപ്പെട്ടെങ്കിലും നേതൃത്വം അത് നിഷേധിച്ചു.
എന്നാൽ, അഖിൽ മാരാറിന്റെ ആരോപണങ്ങളെല്ലാം ട്വന്റി 20 അധ്യക്ഷൻ സാബു എം. ജേക്കബ് പൂർണ്ണമായും തള്ളിക്കളഞ്ഞു. അഖിൽ മാരാർക്ക് പാർട്ടിയിൽ യാതൊരുവിധ ഔദ്യോഗിക പദവിയോ പ്രാഥമിക അംഗത്വമോ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം വെറും ഒരു തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥി മാത്രമായിരുന്നു എന്നുമാണ് സാബുവിന്റെ വിശദീകരണം. തൃക്കാക്കരയിൽ മത്സരിക്കാൻ താൽപ്പര്യമില്ലെങ്കിൽ ഒഴിവാകാമെന്ന് വ്യക്തമാക്കിയ ശേഷമാണ് അദ്ദേഹം അവിടെ സ്ഥാനാർത്ഥിയായതെന്നും, പാർട്ടിയുടെ ഘടനയിൽ ഇല്ലാത്ത കാര്യങ്ങൾ ആവശ്യപ്പെട്ടതുകൊണ്ടാണ് അവ അംഗീകരിക്കാൻ കഴിയാതെ പോയതെന്നും സാബു എം. ജേക്കബ് വ്യക്തമാക്കി. രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ് ഈ അഭിപ്രായവ്യത്യാസങ്ങൾ.