Blog Post

Karanavars > News > Career > NTAയിൽ വമ്പൻ അഴിച്ചുപണി; പരീക്ഷാ വിവാദങ്ങൾക്ക് പിന്നാലെ 47 ഉദ്യോഗസ്ഥരെ പുറത്താക്കി കേന്ദ്രസർക്കാർ

NTAയിൽ വമ്പൻ അഴിച്ചുപണി; പരീക്ഷാ വിവാദങ്ങൾക്ക് പിന്നാലെ 47 ഉദ്യോഗസ്ഥരെ പുറത്താക്കി കേന്ദ്രസർക്കാർ

രാജ്യത്തെ പ്രവേശന പരീക്ഷാ രംഗത്ത് വലിയ കോലാഹലങ്ങൾ സൃഷ്ടിച്ച ചോദ്യപേപ്പർ ചോർച്ചാ വിവാദങ്ങൾക്കും ശക്തമായ വിദ്യാർഥി പ്രക്ഷോഭങ്ങൾക്കും പിന്നാലെ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയിൽ (NTA) കർശന നടപടിയുമായി കേന്ദ്രസർക്കാർ. ഏജൻസിയുടെ പ്രവർത്തനങ്ങളിൽ വലിയ അഴിച്ചുപണിയുടെ ഭാഗമായി 47 ഔദ്യോഗിക ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് നീക്കം ചെയ്തതായി അധികൃതർ വ്യക്തമാക്കി.

നീറ്റ് (NEET) ഉൾപ്പെടെയുള്ള പ്രധാന പരീക്ഷകളിലുണ്ടായ ക്രമക്കേടുകൾക്കെതിരെ രാജ്യവ്യാപകമായി വിദ്യാർഥികളും വിവിധ സംഘടനകളും നടത്തിയ ശക്തമായ പ്രതിഷേധങ്ങൾക്കൊടുവിലാണ് കേന്ദ്രത്തിന്റെ ഈ നിർണായക നടപടി. പുറത്താക്കപ്പെട്ട ഉദ്യോഗസ്ഥരിൽ ചിലർക്കെതിരെ പ്രാഥമികാന്വേഷണങ്ങളുടെയും കേന്ദ്ര അന്വേഷണ ഏജൻസികളുടെയും റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ നിയമപരവും ക്രിമിനലുമായ നടപടികൾ സ്വീകരിക്കുമെന്നും സൂചനയുണ്ട്. എന്നാൽ ഔദ്യോഗികമായി പുറത്താക്കപ്പെട്ട ഉദ്യോഗസ്ഥരുടെ പേരുകളോ തസ്തികകളോ അധികൃതർ ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ല.

മുൻ ഐ.എസ്.ആർ.ഒ ചെയർമാൻ കെ. രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള ഉന്നതതല വിദഗ്ധ സമിതിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് NTA-യിൽ സമൂലമായ മാറ്റങ്ങൾ വരുത്തുന്നത്. ഏജൻസിയുടെ പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുന്നതിനും കരാർ ജീവനക്കാരെ ഒഴിവാക്കി സ്ഥിരവും ഉത്തരവാദത്തമുള്ളതുമായ ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനുമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി വിവരസുരക്ഷ, പരീക്ഷാ കേന്ദ്രങ്ങളുടെ നടത്തിപ്പ്, ഫൊറൻസിക് അന്വേഷണം തുടങ്ങിയ പ്രധാന വിഭാഗങ്ങളിലേക്ക് പുതിയ ജനറൽ മാനേജർമാരെയും വിദഗ്ധരെയും നിയമിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.

പരീക്ഷാ സംവിധാനങ്ങളിലെ വീഴ്ചകൾ ആവർത്തിക്കാതിരിക്കാൻ കർശനമായ അടിത്തറയോടെയുള്ള പുനഃസംഘടനയാണ് നടപ്പിലാക്കുന്നത്. 2027 മുതൽ നീറ്റ് പരീക്ഷകൾ കമ്പ്യൂട്ടർ അധിഷ്ഠിത രീതിയിലേക്ക് മാറ്റുന്നത് ഉൾപ്പെടെയുള്ള സുപ്രധാന പരിഷ്കാരങ്ങളും കേന്ദ്രസർക്കാർ ആസൂത്രണം ചെയ്യുന്നുണ്ട്. പരീക്ഷാ നടത്തിപ്പിലെ സുതാര്യത വീണ്ടെടുക്കാനും വിദ്യാർഥികളുടെ വിശ്വാസ്യത ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ള കർശന നടപടികൾ തുടരുമെന്നാണ് വിദ്യാഭ്യാസ മന്ത്രാലയം നൽകുന്ന സൂചന.

Leave a comment

Your email address will not be published. Required fields are marked *