സി.എം.ആർ.എൽ-എക്സാലോജിക് മാസപ്പടി കേസിൽ വീണാ വിജയനും പിണറായി വിജയനും എതിരെ നിർണായക വെളിപ്പെടുത്തലുമായി കൊച്ചിൻ മിനറൽസ് ആന്റ് റൂട്ടൈൽ ലിമിറ്റഡ് (സി.എം.ആർ.എൽ) മാനേജിങ് ഡയറക്ടർ എം. ശശിധരൻ കർത്തയുടെ മൊഴി പുറത്ത്. വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊല്യൂഷൻസ് കമ്പനി സി.എം.ആർ.എല്ലിന് യാതൊരു സേവനവും നൽകിയിട്ടില്ലെന്നും, മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള വ്യക്തിപരമായ അടുപ്പത്തിന്റെ പേരിൽ മാത്രമാണ് പണം കൈമാറിയതെന്നുമാണ് കർത്ത എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) നൽകിയ മൊഴിയിൽ വ്യക്തമാക്കിയത്.
അന്വേഷണത്തിന്റെ ഭാഗമായി അഡ്ജുഡിക്കേറ്റിങ് അതോറിറ്റിക്ക് മുമ്പാകെ ഇ.ഡി സമർപ്പിച്ച റിപ്പോർട്ടിലാണ് ഈ നിർണായക വിവരങ്ങളുള്ളത്. 2017 മുതൽ 2020 വരെയുള്ള കാലയളവിൽ യാതൊരുവിധ ഔദ്യോഗിക സേവനങ്ങളും ലഭിക്കാതെയാണ് എക്സാലോജിക്കിനും വീണയ്ക്കും പ്രതിമാസം ലക്ഷക്കണക്കിന് രൂപ വീതം മൊത്തം 2.78 കോടി രൂപ നൽകിയതെന്ന് ഇ.ഡി കണ്ടെത്തിയിരുന്നു. ഈ സാമ്പത്തിക ഇടപാടുകൾക്ക് സേവനങ്ങളൊന്നും നൽകിയിട്ടില്ലെന്ന് ചോദ്യം ചെയ്യലിൽ വീണ വിജയനും സമ്മതിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ഇതിനുപുറമേ, ശശിധരൻ കർത്തയുടെ മറ്റൊരു സഹോദര സ്ഥാപനത്തിന്റെ അക്കൗണ്ടിൽ നിന്ന് 50 ലക്ഷം രൂപ വായ്പയായും വീണ കൈപ്പറ്റിയിട്ടുണ്ട്. കേസിന്റെ ഗൗരവം വർധിപ്പിച്ചുകൊണ്ട് വീണയുടെയും എക്സാലോജിക്കിന്റെയും ബാങ്ക് അക്കൗണ്ടുകളും നിക്ഷേപങ്ങളും ഇ.ഡി ഇതിനോടകം മരവിപ്പിച്ചിട്ടുണ്ട്. വീണ ടി.യുടെയും കമ്പനിയുടെയും പേരിലുള്ള 16.5 ലക്ഷം രൂപയും കർത്തയുടെയും കുടുംബാംഗങ്ങളുടെയും 26 കോടി രൂപയുടെ നിക്ഷേപങ്ങളുമാണ് അന്വേഷണ ഏജൻസി മരവിപ്പിച്ചത്. ശശിധരൻ കർത്തയുടെ ഈ പുതിയ മൊഴി കേസിൽ പിണറായി കുടുംബത്തിന് വലിയ നിയമക്കുരുക്കാകും സൃഷ്ടിക്കുകയെന്നാണ് വിലയിരുത്തപ്പെടുന്നത്.