ചെങ്കടലില്‍ ഹൂതികള്‍ ആക്രമണം ശക്തമാക്കുന്നതിന് തൊട്ടുമുമ്പ്, ഇറാന്റെ ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിന്റെ (IRGC) മുതിര്‍ന്ന കമാന്‍ഡോകളും മിലിട്ടറി അഡ്വൈസര്‍മാരും രഹസ്യമായി യെമനിലെത്തിയതായി മാധ്യമ റിപ്പോര്‍ട്ടുകൾ പുറത്തുവന്നു. തന്ത്രപ്രധാനമായ ഈ രഹസ്യ ദൗത്യത്തിലൂടെ പുതിയ മിസൈലുകളും ഡ്രോണ്‍ ഘടകങ്ങളും ഹൂതികളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി വന്‍തോതില്‍ സ്വര്‍ണവുമാണ് ഇറാൻ കടത്തിയത്
ടെഹ്റാനില്‍ നിന്ന് പുറപ്പെട്ട മഹാന് എയര്‍ വിമാനമാണ് ഈ രഹസ്യ നീക്കത്തിന് ഉപയോഗിച്ചത്. ഹൂതികളുടെ നിയന്ത്രണത്തിലുള്ള സന അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങാനായിരുന്നു പദ്ധതി. എന്നാല്‍ വിമാനത്താവളത്തിന്റെ റണ്‍വേ സൗദി പിന്തുണയുള്ള യെമന്‍ സര്‍ക്കാര്‍ വ്യോമാക്രമണത്തിലൂടെ തകര്‍ത്തതിനെ തുടര്‍ന്ന്, വിമാനം ചെങ്കടല്‍ തുറമുഖ നഗരമായ ഹുദൈദയിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നു.
ഹൂതി വിമതര്‍ക്ക് പുതിയ മിസൈല്‍ സംവിധാനങ്ങളില്‍ പരിശീലനം നല്‍കാനും സൈനിക നീക്കങ്ങളെ ഏകോപിപ്പിക്കാനുമാണ് ഐ.ആര്.ജി.സി കമാന്‍ഡോകളെ പ്രധാനമായും യെമനിലേക്ക് അയച്ചതെന്ന് രഹസ്യവിവരങ്ങള്‍ സ്ഥിരീകരിക്കുന്നു. കൂടാതെ, വിമതരുടെ പ്രവര്‍ത്തനങ്ങള്‍ സാമ്പത്തികമായി പിന്തുണയ്ക്കുന്നതിനാണ് വിമാനത്തില്‍ സ്വര്‍ണം എത്തിച്ചത്. ഇറാന്റെ പവര്‍ ഇന്‍ഫ്രാസ്ട്രക്ചറിന് നേരെ അമേരിക്ക ആക്രമണം നടത്തിയാല്‍ ചെങ്കടലിലൂടെയുള്ള എണ്ണപ്പാത ഉപരോധിക്കുവാന്‍ ഇറാന് ഹൂതികള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നാണ് സുരക്ഷാ വിദഗ്ധരുടെ വിലയിരുത്തല്‍. ഈ സംഭവത്തിന് പിന്നാലെ ചെങ്കടലില്‍ സൗദി കപ്പലുകള്‍ക്ക് നേരെ ഹൂതികള്‍ ഉപരോധം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. അന്താരാഷ്ട്ര സുരക്ഷയെ ആശങ്കയിലാഴ്ത്തുന്ന ഈ നീക്കം ഗള്‍ഫ് മേഖലയില്‍ വലിയൊരു യുദ്ധഭീതിയാണ് സൃഷ്ടിച്ചിരിക്കുന്നത്.