ലക്‌നൗ: ബലാത്സംഗത്തിനിരയായി പരാതി നല്‍കാനെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീണ്ടും പീഡിപ്പിച്ച് പൊലീസ് ഉദ്യോഗസ്ഥന്‍.ഉത്തര്‍പ്രദേശ് ലളിത്പുരിലെ പൊലീസ് സ്റ്റേഷനിലാണു 13 വയസ്സുകാരി പീഡനത്തിനിരയായത്. സ്റ്റേഷന്‍ ഇന്‍ചാര്‍ജ് ഓഫിസറാണു പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്നാണ് ആരോപണമെന്നു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
പൊലീസുകാരനുള്‍പ്പെടെ നാലുപേര്‍ ചേര്‍ന്നു ക്രൂരമായി ബലാത്സംഗം ചെയ്‌തെന്ന പരാതി നല്‍കാന്‍ ബന്ധുവിനൊപ്പം സ്റ്റേഷനില്‍ എത്തിയതായിരുന്നു പെണ്‍കുട്ടി. ഈ സമയം അവിടെയുണ്ടായിരുന്ന സ്റ്റേഷന്‍ ഹൗസ് ഓഫിസറും പീഡകസംഘത്തിലെ അംഗവുമായ തിലക്ധാരി സരോജ് കുട്ടിയെ വീണ്ടും പീഡിപ്പിക്കുകയായിരുന്നു. ക്രിമിനല്‍ കേസ് എടുത്തതിനു പിന്നാലെ ഇയാളെ സസ്‌പെന്‍ഡ് ചെയ്തു.
പ്രതിയായ പൊലീസുകാരന്‍ ഒളിവിലാണെന്നും ഇയാളെ പിടികൂടാന്‍ മൂന്നു സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. പീഡനക്കേസില്‍ ഉള്‍പ്പെട്ട മറ്റു മൂന്നു പ്രതികളെ അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ ഏപ്രില്‍ 22ന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയ നാലംഗ സംഘം, ഭോപ്പാലില്‍ എത്തിച്ചു നാലു ദിവസം തുടര്‍ച്ചയായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.
സംഘത്തിലുള്‍പ്പെട്ട പൊലീസുകാരന്‍ പെണ്‍കുട്ടിയെ അവളുടെ ഗ്രാമത്തിലേക്കു മടക്കിക്കൊണ്ടു വരികയും ലളിത്പുരിലെ സ്റ്റേഷനില്‍ എത്തിക്കുകയും ചെയ്തു. പിന്നീട് പെണ്‍കുട്ടിയെ അവളുടെ അമ്മായിക്കു കൈമാറി. പിറ്റേന്നു മൊഴിയെടുക്കാനായി കുട്ടിയെ സ്റ്റേഷനിലേക്കു വിളിച്ചുവരുത്തി.
അകത്തെ മുറിയിലേക്കു കുട്ടിയെ കൊണ്ടുപോവുകയും അമ്മായിയുടെ മുന്നില്‍വച്ചു പൊലീസുകാരന്‍ പീഡിപ്പിച്ചെന്നും എഫ്‌ഐആറില്‍ വിശദീകരിക്കുന്നു. പെണ്‍കുട്ടിയുടെ അമ്മായിയുടെ പേരും എഫ്‌ഐആറിലുണ്ട്. പൊലീസുകാരനെതിരെ പോക്‌സോ വകുപ്പു പ്രകാരവും കേസെടുത്തെന്നും ഇയാളെ ഉടന്‍ പിടികൂടുമെന്നും ലളിത്പുര്‍ പൊലീസ് മേധാവി നിഖില്‍ പഥക് പറഞ്ഞു.