തിരുവനന്തപുരം: ദേശീയ പണിമുടക്കിലെ അക്രമം ബന്ദിനും ഹര്‍ത്താലിനും സമാനമായി മാറിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ജനങ്ങളുടെ കരണത്തടിക്കാനും തുപ്പാനും ഒരു സമരക്കാര്‍ക്കും സ്വാതന്ത്ര്യമില്ല. ഇതാണോ നവകേരളമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.
കേരളത്തില്‍ സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് വി.ഡി സതീശന്‍ പറഞ്ഞു. സാമൂഹിക ആഘാത പഠനത്തിന്റെ മറവില്‍ ഭൂമി ഏറ്റെടുക്കാനുള്ള നടപടിയാണ് പുരോഗമിക്കുന്നത്. സാമൂഹിക ആഘാതപഠനത്തിന് കല്ലിടേണ്ട ആവശ്യമില്ല. കെ റെയില്‍ കല്ലിട്ട് കേരളത്തെ പണയപ്പെടുത്തി ജൈക്കയില്‍ നിന്നും ലോണ്‍ വാങ്ങിക്കാനും അഴിമതി നടത്താനുമാണ് സര്‍ക്കാര്‍ തീരുമാനം. സ്ഥലം പണയപ്പെടുത്തിയാല്‍ മാത്രമേ ജൈക്കിയില്‍ നിന്നും ലോണ്‍ കിട്ടൂ, കണ്ടീഷണല്‍ ലോണ്‍ ആണ് ജൈക്കയുടേത്. ഇതുമായി ബന്ധപ്പെട്ട് കോടികളുടെ അഴിമതിയാണ് നടത്താന്‍ പോകുന്നതെന്നും വി.ഡി സതീശന്‍ വിമര്‍ശിച്ചു.
ഐ.എന്‍.ടി.യു.സി കോണ്‍ഗ്രസിന്റെ പോഷകസംഘടനയല്ല. എന്നിരുന്നാലും പണിമുടക്ക് അക്രമത്തിലേക്ക് മാറിയതില്‍ ഐ.എന്‍.ടി.യു.സിയെ നിലപാട് അറിയിക്കുമെന്നും സതീശന്‍ പറഞ്ഞു. അക്രമ സംഭവങ്ങളില്‍ കോണ്‍ഗ്രസുകാര്‍ പങ്കെടുത്തിട്ടുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും സതീശന്‍ വ്യക്തമാക്കി.