ന്യൂഡല്‍ഹി: യുക്രെയിനില്‍ നിന്ന് ഡല്‍ഹിയിലെത്തിയ 30 മലയാളികളെ കൊണ്ടുവരാന്‍ കേരള ഹൗസില്‍ നിന്ന് വിമാനത്താവളത്തിലേക്ക് അയച്ചത് രണ്ട് കാറുകള്‍.
മലയാളികളെ സ്വീകരിക്കാന്‍ കേരളഹൗസ് പൂര്‍ണസജ്ജമാണെന്ന് അധികൃതര്‍ അറിയിച്ചിരുന്നെങ്കിലും സംഭവിച്ചത് മറ്റൊന്നായിരുന്നു.
ഞായറാഴ്ച പുലര്‍ച്ചെ മൂന്നുമണിക്കാണ് യുക്രെയിനില്‍ നിന്നുള്ള വിമാനം ഡല്‍ഹിയിലിറങ്ങിയത്. സ്വീകരിക്കാനായി വിവിധ സംസ്ഥാനങ്ങളിലെ പ്രതിനിധികളും വിമാനത്താവളത്തിലെത്തിയിരുന്നു. ഹരിയാനയും കര്‍ണാടകയുമൊക്കെ വിമാനത്താവളത്തില്‍ ഹെല്‍പ്പ് ഡെസ്‌കും തുറന്നു.
മൂന്നുകഴിഞ്ഞാണ് കേരള ഹൗസ് പ്രതിനിധികള്‍ വിമാനത്താവളത്തിലെത്തിയത്. മുപ്പതോളം മലയാളികളെ പ്രതീക്ഷിച്ച് രണ്ട് കാറുകളും കൊണ്ടുവന്നു. പതിനഞ്ചില്‍ താഴെ വിദ്യാര്‍ത്ഥികള്‍ക്കായി ലക്ഷ്വറി വോള്‍വോ ബസുമായിട്ടാണ് യുപി എത്തിയത്.
മുപ്പതുപേരില്‍ 16 പേരെ വിമാനത്താവളത്തില്‍ നിന്ന് നേരിട്ട് നാട്ടിലേക്ക് കയറ്റി അയക്കാന്‍ തീരുമാനമായതോടെ, 14 വിദ്യാര്‍ത്ഥികളെ രണ്ടുകാറുകളിലെത്തിക്കാന്‍ കേരള ഹൗസ് അധികൃതര്‍ക്ക് സാധിച്ചു. രണ്ടു കാറുകളിലായി വലിയ ബാഗുകള്‍ക്കൊപ്പം 12 പേരെ കുത്തിനിറച്ച് ആദ്യ ട്രിപ്പ് പോയി. തുടര്‍ന്ന് ബാക്കി രണ്ട് വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഒരു മണിക്കൂറോളം വിമാനത്താവളത്തില്‍ കാത്തിരിക്കേണ്ടി വന്നു.
അതേസമയം റൊമേനിയയില്‍ നിന്നുള്ള അഞ്ചാമത്തെ വിമാനം ഡല്‍ഹിയിലെത്തി. 12 മലയാളികളടക്കം 249 ഇന്ത്യക്കാരാണ് സംഘത്തിലുള്ളത്. ഇതോടെ മടങ്ങിയെത്തിയവരുടെ എണ്ണം 1157 ആയി.