തിരുവനന്തപുരം | സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ പോലീസിന് കര്‍ശന നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍.
കൊലപാതകം സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ്. കലാപത്തിനുള്ള ശ്രമങ്ങളെ ചെറുത്തു തോല്‍പ്പിക്കേണ്ടതുണ്ട്. പ്രകോപനത്തില്‍ വീഴാതെ സമാധാന അന്തരീക്ഷം നിലനിര്‍ത്താന്‍ സഹകരിക്കണമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം:
തലശ്ശേരി പുന്നോലില്‍ സിപിഐ എം പ്രവര്‍ത്തകന്‍ കൊരമ്ബില്‍ ഹരിദാസിന്റെ കൊലപാതകത്തെ ശക്തമായി അപലപിക്കുന്നു. കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ പൊലീസിന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. അന്വേഷണം മുന്നോട്ടു പോവുകയാണ്. മത്സ്യത്തൊഴിലാളിയായ ഹരിദാസ് പുലര്‍ച്ചെ ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് കൊലചെയ്യപ്പെട്ടത്. സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന പ്രദേശത്ത് അത് തകര്‍ക്കാന്‍ നടത്തിയ ആസൂത്രിത സംഭവമാണിത് എന്നാണ് വ്യക്തമാകുന്നത്. നാട്ടില്‍ കലാപമുണ്ടാക്കാനുള്ള ഇത്തരം ശ്രമങ്ങളെ നാടൊന്നാകെ ചെറുത്തു തോല്‍പ്പിക്കേണ്ടതുണ്ട്. പ്രകോപനത്തില്‍ വീഴാതെ പ്രദേശത്തെ സമാധാന അന്തരീക്ഷം നിലനിര്‍ത്താന്‍ എല്ലാവരും സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഹരിദാസിന്റെ കുടുംബത്തിന്റെയും ബന്ധുമിത്രാദികളുടെയും സഹപ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു.