Blog Post

Karanavars > News > Keralam > ”നടപ്പിലായത് അഴിമതിക്കെതിരായ പോരാട്ടത്തിന്‍റെ അന്ത്യ കൂദാശ”; ലോകായുക്ത ഓര്‍ഡിനന്‍സില്‍ തുറന്നടിച്ച്‌ ചെന്നിത്തല

”നടപ്പിലായത് അഴിമതിക്കെതിരായ പോരാട്ടത്തിന്‍റെ അന്ത്യ കൂദാശ”; ലോകായുക്ത ഓര്‍ഡിനന്‍സില്‍ തുറന്നടിച്ച്‌ ചെന്നിത്തല

ലോകായുക്ത നിയമഭേദഗതിയില്‍ ഗവര്‍ണര്‍ ഒപ്പിട്ടതിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

നടപ്പിലായത് അഴിമതിക്കെതിരായ പോരാട്ടത്തിന്‍റെ അന്ത്യ കൂദാശയാണെന്നായിരുന്നു ചെന്നിത്തലയുടെ വിമര്‍ശനം. അഴിമതിക്കെതിരായ അവസാന വാതിലും അടയ്ക്കുകയാണ് ലോകായുക്ത നിയമഭേദഗതിയിലൂടെ സര്‍ക്കാര്‍ ചെയ്തതെന്നും ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രിക്ക് എതിരായ കേസ് നിലനില്‍ക്കെ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് അധാര്‍മികമാണ്. കേരളം കണ്ട ഏറ്റവും വലിയ ഏകാധിപതി ആയി മുഖ്യമന്ത്രി മാറിയെന്നും പേഴ്‌സണല്‍ സ്റ്റാഫിന് വേണ്ടി ഇത്രയും നാള്‍ പറഞ്ഞ കാര്യങ്ങളെല്ലാം ഗവര്‍ണര്‍ ഒറ്റയടിക്ക് വിഴുങ്ങിയെന്നും ചെന്നിത്തല തുറന്നടിച്ചു.

നായനാരുടെയും ചന്ദ്രശേഖരന്‍ നായരുടെയും ആത്മാവ് ഈ സര്‍ക്കാരിനോട് പൊറുക്കില്ല. പിണറായി നിയമത്തിന്‍റെ ഹൃദയമാണ് പറിച്ചെടുത്തത്. സി.പി.എമ്മിന്റെ ദേശീയ നേതൃത്വം ഈ വിഷയത്തില്‍ മറുപടി പറയണം. നിലപാടില്‍ നിന്ന് പിന്മാറാത്ത കാനത്തിനെ പിന്തുണക്കുന്നുവെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള കൂട്ടുകെട്ടാണ് ഇതിലൂടെ മനസിലാകുന്നത്. ഈ കരിനിയമം അംഗീകരിക്കാന്‍ കഴിയില്ലെന്നും ആലോചിച്ച്‌ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും ചെന്നിത്തല പറഞ്ഞു

എന്നാല്‍ ഓര്‍ഡിനന്‍സിനു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും ഭരണഘടനയ്ക്കു വിരുദ്ധമായ അധികാരം ലോകായുക്തയ്ക്കു നല്‍കേണ്ടതില്ലെന്ന നിയമോപദേശമാണ് നിയമഭേദഗതിക്ക് പിന്നിലെന്നും ഗവര്‍ണറുമായുള്ള കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി വിശദീകരിച്ചു. ഗവര്‍ണര്‍ ഒപ്പിടാതെ മടക്കിയാല്‍ സര്‍ക്കാരിനെ സംബന്ധിച്ച്‌ വലിയ തിരിച്ചടിയാകുമായിരുന്ന പരിഷ്കാരമാണ് ഇപ്പോള്‍ സര്‍ക്കാരിന് അനുകൂലമായത്. ഒരുപക്ഷേ ഗവര്‍ണര്‍ ഒപ്പിടാതെയിരുന്നെങ്കില്‍ നിയമസഭ സമ്മേളനത്തില്‍ ബില്‍ ആയി കൊണ്ടുവരാനായിരുന്നു സര്‍ക്കാര്‍ തീരുമാനം.

ലോകായുക്ത ഓര്‍ഡിനന്‍സുമായി മന്ത്രി പി.രാജീവ് ജനുവരി 24നു നേരിട്ടു രാജ്ഭവനിലെത്തിയെങ്കിലും ഗവര്‍ണര്‍ ഒപ്പിടാന്‍ തയ്യാറായിരുന്നില്ല. സര്‍ക്കാര്‍ വിശദീകരണം നല്‍കിയശേഷവും ഗവര്‍ണര്‍ വഴങ്ങിയില്ല. അഡീഷനല്‍ അഡ്വക്കറ്റ് ജനറല്‍ പദവി വഹിച്ചിരുന്നയാളുമായി ഇന്ന് അദ്ദേഹം കൂടിക്കാഴ്ചയും നിശ്ചയിച്ചിരുന്നു. ഗവര്‍ണറെ അതിവേഗം അനുനയിപ്പിക്കാന്‍ ഇതും സര്‍ക്കാരിനെ പ്രേരിപ്പിച്ചു. ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്ന ആവശ്യവുമായി പ്രതിപക്ഷം ഗവര്‍ണറെ കണ്ടിരുന്നു. ലോകായുക്തയെ ദുര്‍ബലപ്പെടുത്തുന്നതില്‍ ആശങ്ക അറിയിച്ച സംഘം നിയമ പ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടിയിരുന്നു.

Leave a comment

Your email address will not be published. Required fields are marked *