തിരുവനന്തപുരം: കൊവിഡ് കേസുകള്‍ അതിവേഗം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ദക്ഷിണ റെയില്‍വേ നാല് ട്രയിനുകള്‍ റദ്ദാക്കി.
ജനുവരി 22 മുതല്‍ 27 വരെയുള്ള ട്രയിന്‍ സര്‍വീസുകളാണ് പൂര്‍ണമായും റദ്ദാക്കിയിരിക്കുന്നത്.
നാഗര്‍കോവില്‍– കോട്ടയം എക്‌സ്‌പ്രസ് ( നം.16366), കൊല്ലം– തിരുവനന്തപുരം അണ്‍റിസര്‍വ്‌ഡ് എക്‌സ്‌പ്രസ് (നം.06425), കോട്ടയം– കൊല്ലം അണ്‍റിസര്‍വ്‌ഡ് എക്‌സ്‌പ്രസ് (നം.06431), തിരുവനന്തപുരം– നാഗര്‍കോവില്‍ അണ്‍റിസര്‍വ്‌ഡ് എക്‌സ്‌പ്രസ് (നം.06435) എന്നീ ട്രയിനുകളാണ് റദ്ദാക്കിയത്.
അതേസമയം രാജ്യത്ത് കൊവിഡ്, ഒമിക്രോണ്‍ വ്യാപനം അതീവ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ മൂന്ന് ലക്ഷത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് പ്രതിദിന കേസുകള്‍ മൂന്ന് ലക്ഷം കടക്കുന്നത്. ഇന്നലെ മാത്രം 350 ലധികം പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. കര്‍ണാടകയിലാണ് ഇന്നലെ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇരുപത്തിനാല് മണിക്കൂറിനിടെ 47,754 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 33,76,963 ആയി ഉയര്‍ന്നു. ഇതുവരെ 38,515 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
കേരളത്തില്‍ ഇന്നലെ 46,387 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 40 കടന്നു. നിലവില്‍ 1,68,383 പേരാണ് ചികിത്സയിലുള്ളത്. മഹാരാഷ്ട്രയിലും രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്. സംസ്ഥാനത്ത് 46,197 പേര്‍ക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്.
അതേസമയം കേരളമടക്കം ആറ് സംസ്ഥാനങ്ങളിലെ കൊവിഡ് പ്രതിദിന വര്‍ദ്ധന ആശങ്കപ്പെടുത്തുന്നതാണെന്നും ഇവിടങ്ങളിലേക്ക് കേന്ദ്രസംഘത്തെ അയച്ചിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ പറഞ്ഞു. വാക്സിനേഷന്‍ ഒമിക്രോണ്‍ മൂലമുള്ള മൂന്നാം തരംഗത്തെ നേരിടുന്നതില്‍ നിര്‍ണായകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്ത് വാക്‌സിനേഷന്‍ 160 കോടി ഡോസ് കടന്നു. എഴുപത് ശതമാനത്തോളം പേര്‍ രണ്ട് ഡോസും, 90 ശതമാനത്തിലധികം പേര്‍ ഒരു ഡോസും സ്വീകരിച്ചു.