Blog Post

Karanavars > News > latest news > കേരളത്തിലെ യുവാക്കളെ ഓണ്‍ലൈന്‍ വഴി ഐ.എസ് ഭീകരവാദം പരിശീലിപ്പിക്കുന്നു -കെ.സുരേന്ദ്രന്‍

കേരളത്തിലെ യുവാക്കളെ ഓണ്‍ലൈന്‍ വഴി ഐ.എസ് ഭീകരവാദം പരിശീലിപ്പിക്കുന്നു -കെ.സുരേന്ദ്രന്‍

കേരളത്തെ വര്‍ഗീയതയിലൂടെ ഭിന്നിപ്പിച്ച്‌ കലാപമുണ്ടാക്കാന്‍ ആഗോള ഇസ്‍ലാമിക ഭീകര സംഘടനയായ ഐ.എസ് ശ്രമിക്കുന്നുവെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.

കേരളത്തിലെ യുവാക്കള്‍ക്കായി ഓണ്‍ലൈന്‍ വഴി ഭീകരവാദ പരിശീലനം നടത്തുകയാണ് ആഗോള ഭീകരസംഘടനയായ ഐ.എസ് ചെയ്യുന്നതെന്നും പോപ്പുലര്‍ ഫ്രണ്ട് ഭീകരതക്കെതിരെ ബി.ജെ.പി നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ച്‌ ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.

പ്രമുഖ ദേശീയ മാധ്യമം പുറത്തുകൊണ്ടു വന്ന ഈ വാര്‍ത്ത അറിഞ്ഞിട്ടും സംസ്ഥാനം ഒരു നടപടിയുമെടുക്കുന്നില്ല. കേരള സമൂഹത്തിലേക്ക് ആദ്യമായി മതവാദം കുത്തിവെച്ചത് മഅദനിയാണ്.

ഇന്ന് മഅദനി എവിടെ കിടക്കുന്നുവെന്ന് എല്ലാവര്‍ക്കും അറിയാം. മദനിയെ സംരക്ഷിച്ചത് പിണറായി വിജയനും ഉമ്മന്‍ചാണ്ടിയുമാണ്. മതഭീകരവാദ സംഘടനകളുമായി കൂട്ടുചേരുന്നതാണ് ഇടത്വലത് മുന്നണികളുടെ പാരമ്ബര്യം. ഇവരുടെ തണലിലാണ് ആഗോള ഭീകരവാദ ശക്തികള്‍ പോലും കേരളത്തിലെത്തുന്നത്.

പോപ്പുലര്‍ ഫ്രണ്ടിന് മുമ്ബില്‍ മുട്ട് വിറക്കുന്ന സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. ഇടുക്കിയിലെ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ കോണ്‍ഗ്രസുകാരാല്‍ കൊല്ലപ്പെട്ടപ്പോള്‍ സംസ്ഥാനം മുഴുവന്‍ വലിയ സംഘര്‍ഷം ഉണ്ടായി. എന്നാല്‍ മഹാരാജാസ് കോളജില്‍ അഭിമന്യു എന്ന എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ എസ്.ഡി.പി.ഐക്കാരാല്‍ കൊല്ലപ്പെട്ടപ്പോള്‍ ഒരു പ്രതിഷേധവുമുണ്ടായില്ല. അന്ന് എന്തുകൊണ്ടാണ് എവിടെയും തിരിച്ചടിയുണ്ടാവാതിരുന്നതെന്ന് സുരേന്ദ്രന്‍ ചോദിച്ചു.

പോപ്പുലര്‍ ഫ്രണ്ടിനെ കാണുമ്ബോള്‍ പിണറായിക്ക് മുട്ടിടിക്കുകയാണ്. അഭിമന്യുവി​ന്‍റെ കൊലയാളികള്‍ ഒളിവില്‍ കഴിഞ്ഞ ആലപ്പുഴയിലെ മണ്ണാഞ്ചേരിയില്‍ തന്നെയാണ് രണ്‍ജിത്ത് ശ്രീനിവാസന്‍ കൊലക്കേസിലെ പ്രതികളും ഒളിവില്‍ കഴിഞ്ഞത്. പോപ്പുലര്‍ ഫ്രണ്ടി​ന്‍റെ വോട്ട് വാങ്ങി ജയിച്ചതി​ന്‍റെ പ്രത്യുപകാരമാണ് സര്‍ക്കാരിനുള്ളത്. സി.പി.എമ്മും എസ്.ഡി.പി.ഐയുമായി പല തദ്ദേശ സ്ഥാപനങ്ങളിലും സഖ്യമുണ്ട്.

രണ്‍ജിത്തി​ന്‍റെ അരുംകൊലയില്‍ ശക്തമായ ജനകീയ പ്രതിഷേധവും പൊതുജനാഭിപ്രായവും ഉണ്ടായതോടെ പ്രതികളില്‍ ചിലരെ പൊലീസ് പിടിച്ചെങ്കിലും കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരെല്ലാം സംസ്ഥാനത്തിന് പുറത്ത് കടന്നെന്ന് എ.ഡി.ജി.പി വിജയ് സാഖറെ തന്നെ പറയുന്നു.

പൊലീസി​ന്‍റെ കരുതല്‍ ഉണ്ടായിരുന്നെങ്കില്‍ ഈ കൊലപാതകം ഒഴിവാക്കാമായിരുന്നു. എന്നാല്‍ ഈ നിഷ്ഠൂര സംഭവത്തിന് ശേഷം പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ സാഹചര്യമൊരുക്കിയതും പൊലീസ് തന്നെയാണ്. ചാവാക്കാട്ടെ ബിജുവി​ന്‍റെയും പാലക്കാട് സഞ്ജിത്തി​ന്‍റെയും കൊലപാതകങ്ങളിലും പൊലീസ് യഥാര്‍ത്ഥ പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം കുമ്മനം രാജശേഖരന്‍, അഖിലേന്ത്യാ വൈസ് പ്രസിഡന്‍റ് എ.പി അബ്ദുള്ളക്കുട്ടി, മുതിര്‍ന്ന നേതാവ് ഒ.രാജഗോപാല്‍, സംസ്ഥാന ഉപാദ്ധ്യക്ഷന്‍ എ.എന്‍ രാധാകൃഷ്ണന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ജോര്‍ജ് കുര്യന്‍, എം.ടി രമേശ്, സി.കൃഷ്ണ കുമാര്‍, പി.സുധീര്‍, ജില്ലാ അദ്ധ്യക്ഷന്‍ വി.വി രാജേഷ് തുടങ്ങിയ നേതാക്കള്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.

Leave a comment

Your email address will not be published. Required fields are marked *