തിരുവനന്തപുരം: സി.പി.എം എറണാകുളം ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താത്തതിനെ തുടര്‍ന്ന് പാര്‍ട്ടി വിടുമെന്ന് അറിയിച്ച് പി.എന്‍ ബാലകൃഷ്ണന്.
സി.പി.ഐ.എം കവളങ്ങാട് മുന്‍ ഏരിയ സെക്രട്ടറിയാണ് ബാലകൃഷ്ണന്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഇരുന്ന വേദിയില്‍ തീരുമാനം അറിയിച്ച ശേഷം അദ്ദേഹം ജില്ലാ സമ്മേളന വേദിയില്‍ നിന്നും ഇറങ്ങിപ്പോയി.
അംഗത്വത്തില്‍ നിന്ന് നീക്കണമെന്ന് പാര്‍ട്ടിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പാര്‍ട്ടി അനുഭാവിയായി തുടരും. രാഷ്ട്രീയ പ്രവര്‍ത്തനം പണത്തിന് വേണ്ടിയായി മാറിയിരിക്കുന്നു. പുതിയ ജില്ല കമ്മിറ്റിയില്‍ നിന്ന് തന്നെ ഒഴിവാക്കിയതിന് പാര്‍ട്ടി കാരണം പറഞ്ഞില്ല. ജില്ലാ സെക്രട്ടറിക്ക് കാരണമൊന്നും പറയാനില്ല. മറ്റൊരു പാര്‍ട്ടിയിലേക്ക് പോകില്ല ജനങ്ങളെ സേവിക്കാന്‍ രാഷ്ട്രിയ പാര്‍ട്ടി തന്നെ വേണമെന്നില്ലെന്നും ബാലകൃഷ്ണന് പറഞ്ഞു.
അതേസമയം, സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായി സി എന്‍ മോഹനനെ വീണ്ടും തിരഞ്ഞെടുത്തു. 46 അംഗ ജില്ലാ കമ്മിറ്റിയെയും 12 പേര് അടങ്ങുന്ന ജില്ലാ സെക്രട്ടേറിയറ്റിനെയും തിരഞ്ഞെടുത്തിട്ടുണ്ട്.