Blog Post

Karanavars > News > Keralam > സ്വര്‍ണക്കടത്ത്: എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ക്കെതിരായ കേസിനു സ്റ്റേ ഇല്ല

സ്വര്‍ണക്കടത്ത്: എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ക്കെതിരായ കേസിനു സ്റ്റേ ഇല്ല

കൊച്ചി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരായ ക്രൈംബ്രാഞ്ച് കേസിന് തല്‍ക്കാലം സ്റ്റേ ഇല്ല. കേസ് സ്റ്റേ ചെയ്യണമെന്ന ഇ.ഡി. ആവശ്യത്തില്‍ ഹൈക്കോടതി ഇടപെട്ടില്ല. ഹര്‍ജിക്കാരനായ ജോയിന്റ് ഡയറക്‌ടര്‍ പി.രാധാകൃഷ്‌ണന്‍ നിലവില്‍ പ്രതിയല്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഉദ്യോഗസ്ഥര്‍ക്കെതിരെ അറസ്റ്റ് പോലുള്ള നടപടികള്‍ ഉണ്ടാവില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു.

സ്വര്‍ണക്കടത്ത് അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള കേസ് നിലനില്‍ക്കില്ലെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് കോടതിയില്‍ വാദിച്ചത്. മജിസ്‌ട്രേറ്റിനു നല്‍കിയ രഹസ്യമൊഴിയിലാണ് സ്വപ്‌ന സുരേഷ് പ്രമുഖരുടെ പേരുകള്‍ പറഞ്ഞത്, അല്ലാതെ ഉദ്യോഗസ്ഥര്‍ക്കു നല്‍കിയ മൊഴിയില്‍ അല്ലസ്വപ്‌ന സുരേഷിനൊപ്പം വനിതാ പൊലീസുകാര്‍ ഉണ്ടായിരുന്നില്ല. വനിതാ പൊലീസുകാരുടെ സാന്നിധ്യം ഇല്ലാത്തതിനാല്‍ സ്വപ്‌ന മജിസ്‌ട്രേറ്റിനു പരാതി നല്‍കിയിട്ടുണ്ടെന്നും എന്‍ഫോഴ്‌സ്‌മെന്റ് കോടതിയില്‍ അറിയിച്ചു.

മുഖ്യമന്ത്രിക്കെതിരെയും മറ്റു മന്ത്രിമാര്‍ക്കെതിരെയും മൊഴി നല്‍കാന്‍ സ്വപ്‌ന സുരേഷിനെ ഇ.ഡി. ഉദ്യോഗസ്ഥര്‍ സമ്മര്‍ദം ചെലുത്തിയെന്ന രണ്ട് വനിതാ പൊലീസുകാരുടെ മൊഴിയിലാണ് ക്രൈംബ്രാഞ്ച് നേരത്തെ കേസെടുത്തത്.

കേസില്‍ നിലപാടറിയിക്കുന്നതിന് സര്‍ക്കാര്‍ കൂടുതല്‍ സമയം തേടി. സര്‍ക്കാര്‍ സമയം തേടിയ സാഹചര്യത്തില്‍ നടപടി ഉണ്ടാവുമെന്ന ആശങ്കയ്‌ക്ക് അടിസ്ഥാനമില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. കേസ് ചൊവ്വാഴ്‌ചത്തേക്ക് മാറ്റി.

എന്‍ഫോഴ്‌സ്‌മെന്റിനു വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഹാജരായി. ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള കേസ് നിലനില്‍ക്കില്ലെന്ന് ഇ.ഡി. വാദിച്ചു. തന്നെ ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയതായി സ്വപ്‌ന കോടതിയില്‍ പറഞ്ഞിട്ടില്ല. പ്രഥമ വിവര റിപ്പോര്‍ട്ടില്‍ പറയുന്ന കുറ്റകൃത്യം ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. മുഖ്യമന്ത്രിയെ പരാമര്‍ശിക്കാതെ ആരുടേയോ പേരു പറയാന്‍ ഭീഷണിപ്പെടുത്തിയെന്നാണ് പ്രഥമവിവര റിപ്പോര്‍ട്ടില്‍ പറയുന്നതെന്നും സ്വപ്‌ന ആര്‍ക്കെതിരെയും എന്തെങ്കിലും പറഞ്ഞതായി പ്രഥമ വിവര റിപ്പോര്‍ട്ടില്‍ ഇല്ലെന്നും എഫ്‌ഐആര്‍ നിലനില്‍ക്കില്ലെന്നും തുഷാര്‍ മേത്ത ചൂണ്ടിക്കാട്ടി.

ഹര്‍ജിക്കൊപ്പം മൊഴികളും വാട്‌സാപ്പ് ചാറ്റുകളുടെ പകര്‍പ്പും ഉള്‍പ്പെടുത്തിയതില്‍ കോടതി അതൃപ്‌തി പ്രകടിപ്പിച്ചു. നേരത്തെ മുദ്ര വച്ച കവറില്‍ നല്‍കിയ വിശദാംശങ്ങള്‍ ഈ ഹര്‍ജിക്കൊപ്പം നല്‍കിയത് എന്തുകൊണ്ടാണെന്ന് കോടതി ആരാഞ്ഞു. തെളിവുകളായാണ് വാട്‌സാപ്പ് സന്ദേശങ്ങളടക്കം കോടതിക്ക് കൈമാറിയതെന്ന് സോളിസിറ്റര്‍ ജനറല്‍ ബോധിപ്പിച്ചു.

Leave a comment

Your email address will not be published. Required fields are marked *