Blog Post

Karanavars > News > Keralam > മതംമാറി വിവാഹം; തിരുവനന്തപുരത്ത് നവവരന് ഭാര്യാസഹോദരന്‍റെ ക്രൂരമര്‍ദനം

മതംമാറി വിവാഹം; തിരുവനന്തപുരത്ത് നവവരന് ഭാര്യാസഹോദരന്‍റെ ക്രൂരമര്‍ദനം

തിരുവനന്തപുരം: ചിറയന്‍കീഴില്‍ നവവരന് ഭാര്യാസഹോദരന്‍റെ ക്രൂരമര്‍ദനം. ആനത്തലവട്ടം സ്വദേശി മിഥുന്‍ കൃഷ്ണനാണ് മര്‍ദനമേറ്റത്.

വിവാഹ ശേഷം ഭാര്യയുടെ മതത്തിലേക്ക് മാറണമെന്ന വീട്ടുകാരുടെ ആവശ്യം അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് മര്‍ദനമെന്നാണ് പരാതി.

മിഥുന്‍ കൃഷ്ണന്‍ ഹിന്ദു മതത്തിലും ഭാര്യ ദീപ്തി ജോര്‍ജ് ക്രിസ്ത്യന്‍ മതത്തിലുമായിരുന്നു. ഇരുവരും പ്രണയിച്ചായിരുന്നു വിവാഹം ചെയ്തത്. കഴിഞ്ഞ 26നായിരുന്നു ഇവരുടെ രജിസ്റ്റര്‍ വിവാഹം. വിവാഹത്തെ ഇരുവരുടെയും കുടുംബങ്ങള്‍ എതിര്‍ത്തിരുന്നു.

പിന്നീട്, ഒത്തുതീര്‍പ്പിന് വരണമെന്ന് ആവശ്യപ്പെട്ട് ദീപ്തിയുടെ ബന്ധുക്കള്‍ മിഥുനെ വിളിച്ചുവരുത്തി. മതംമാറാന്‍ തയാറാകണമെന്നായിരുന്നു ഇവരുടെ ആവശ്യമെന്ന് മിഥുന്‍ പറയുന്നു. ഈ ആവശ്യത്തെ മിഥുനും ദീപ്തിയും ഒരുമിച്ച്‌ എതിര്‍ത്തു.

പിന്നീട് 29ന് വീണ്ടും ഇരുവരെയും ദീപ്തിയുടെ ബന്ധുക്കള്‍ വിളിച്ചുവരുത്തി. തുടര്‍ന്ന് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

പരിക്കേറ്റ മിഥുനെ ആദ്യം ചിറയന്‍കീഴ് താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. എന്നാല്‍ പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.

അതേസമയം, കേസിലെ പ്രതിയായ ദീപ്തിയുടെ സഹോദരന്‍ ഡാനിഷിനെ ഇതുവരെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയാറായിട്ടില്ലെന്ന് മിഥുന്‍റെ വീട്ടുകാര്‍ ആരോപിച്ചു. പൊലീസ് പ്രതികള്‍ക്ക് സഹായകമാകുന്ന നടപടികളുമായാണ് മുന്നോട്ടുപോകുന്നതെന്നും ദീപ്തിയും മിഥുന്‍റെ ബന്ധുക്കളും ആരോപിക്കുന്നു.

Leave a comment

Your email address will not be published. Required fields are marked *