Blog Post

Karanavars > News > latest news > അരി 3 രൂപ, ഗോതമ്പ് 2 രൂപ, ബി.പി.എല്ലിന് ആനുകൂല്യവുമായി കേന്ദ്രം

അരി 3 രൂപ, ഗോതമ്പ് 2 രൂപ, ബി.പി.എല്ലിന് ആനുകൂല്യവുമായി കേന്ദ്രം

ന്യൂഡല്‍ഹി: കൊറോണ വ്യാപനത്തെ പ്രതിരോധിക്കാന്‍ രാജ്യത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ രാജ്യത്തെ ദാരിദ്രരേഖയ്ക്കു താഴെയുള്ള ജനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷ ഉറപ്പാക്കി കേന്ദ്രസര്‍ക്കാര്‍.

ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് അടുത്ത മൂന്നുമാസത്തേക്ക് ഗോതമ്പ് കിലോ രണ്ടു രൂപയ്ക്കും അരി കിലോയ്ക്ക് മൂന്നു രൂപയ്ക്കും നല്‍കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്യാബിനറ്റ് യോഗം തീരുമാനിച്ചതായി കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാജ്യത്തെ 80കോടി ജനങ്ങള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചുവെങ്കിലും ഭക്ഷ്യോത്പന്നങ്ങള്‍ക്കോ അവശ്യവസ്തുക്കള്‍ക്കോ ക്ഷാമം ഉണ്ടാകില്ലെന്നും സാമ്പത്തിക പാക്കേജിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വ്യാജവാര്‍ത്തകള്‍ തള്ളിക്കളയണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം നല്‍കുന്ന വിവരങ്ങള്‍ മാത്രമേ വിശ്വസിക്കാവൂ എന്നും അദ്ദേഹം പറഞ്ഞു.

കൊറോണ വ്യാപനത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി 21 ദിവസത്തേക്കാണ് രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്ത് ഇതിനോടകം 584 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. പത്തുപേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു.

Leave a comment

Your email address will not be published. Required fields are marked *