രാജ്യത്തെ സാധാരണക്കാർക്കും വായ്പയെടുത്തവർക്കും തിരിച്ചടിയായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിർണായക പ്രഖ്യാപനം. പണപ്പെരുപ്പ സമ്മർദ്ദങ്ങൾക്കിടയിൽ ഇന്ന് റിസർവ് ബാങ്ക് റിപ്പോ നിരക്കിൽ കാൽ ശതമാനത്തിന്റെ (25 ബേസിസ് പോയിന്റ്) വർധനവാണ് വരുത്തിയത്. ഇതോടെ ആർബിഐ റിപ്പോ നിരക്ക് 5.5 ശതമാനമായി ഉയർന്നു. ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്രയാണ് പുതിയ സാമ്പത്തിക നയം പുറത്തുവിട്ടത്. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നിരക്കുകളിൽ ഈ വർധനവുണ്ടാകുന്നത്.
നിരക്ക് ഉയർത്തിയതോടെ ബാങ്കുകളുടെ ഫണ്ടിങ് ചെലവ് വർധിക്കുകയും, അത് ഉപഭോക്താക്കളുടെ മേലുള്ള പലിശഭാരം കൂട്ടുകയും ചെയ്യും. പ്രത്യേകിച്ചും ഭവന വായ്പകൾ, വാഹന വായ്പകൾ, വ്യക്തിഗത വായ്പകൾ എന്നിവയുടെയെല്ലാം പലിശ നിരക്കുകളിൽ ഇതിന്റെ പ്രതിഫലനമുണ്ടാകും. ഫ്ലോട്ടിങ് പലിശ നിരക്കിൽ വായ്പ എടുത്തവരുടെ പ്രതിമാസ തിരിച്ചടവ് തുകയായ (EMI) ഇഎംഐ വർധിക്കാനോ അല്ലെങ്കിൽ വായ്പാ കാലാവധി നീണ്ടുപോകാനോ സാധ്യതയുണ്ട്.
വർദ്ധിച്ചുവരുന്ന പണപ്പെരുപ്പവും ആഗോള വിപണിയിലെ അനിശ്ചിതത്വങ്ങളുമാണ് ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് കേന്ദ്രബാങ്കിനെ നയിച്ചത്. പുതിയ വായ്പകൾ എടുക്കാൻ ഉദ്ദേശിക്കുന്നവർക്കും നിലവിലുള്ള വായ്പക്കാർക്കും ഈ തീരുമാനം വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. അതേസമയം, ബാങ്കുകളിലെ സ്ഥിര നിക്ഷേപങ്ങൾക്ക് (FD) കൂടുതൽ പലിശ ലഭിക്കാൻ ഈ നിരക്ക് വർധനവ് സഹായിച്ചേക്കുമെന്ന ആശ്വാസവും നിക്ഷേപകർക്ക് മുന്നിലുണ്ട്.