സംസ്ഥാനത്തെ സ്കൂൾ കായികമേളയുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണങ്ങളുമായി മുൻ മന്ത്രി വി ശിവൻകുട്ടി. സ്കൂൾ ഒളിമ്പിക്സിനെ രാഷ്ട്രീയ മത്സരമാക്കി മാറ്റാൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും സംഘടനയിലും നടത്തിപ്പിലും വൻ അഴിമതിയാണ് നടക്കുന്നതെന്നും അദ്ദേഹം ഇന്നലെ ആരോപിച്ചു. 17.5 പവൻ വരുന്ന സ്വർണക്കപ്പും ഒളിമ്പിക്സ് പതാകയും എവിടെയെന്ന് അദ്ദേഹം തുറന്നടിച്ചു . കഴിഞ്ഞ വർഷം കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് കൈമാറിയ ഔദ്യോഗിക പതാകയും, നിയമസഭാ ട്രഷറിയിൽ സൂക്ഷിക്കേണ്ട സ്വർണക്കപ്പും കായികമേളയോടനുബന്ധിച്ച് നടക്കുന്ന ഘോഷയാത്രകളിൽ എത്തിക്കേണ്ടതാണ്.
എന്നാൽ ഇവ രണ്ടും ഇപ്പോൾ കാണാനില്ലെന്നും, ഇത് കായികമേളയെ അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്നും വി ശിവൻകുട്ടി വ്യക്തമാക്കി. കൂടാതെ, മേളയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ പോലും ലഭിക്കുന്നില്ലെന്നും, കുട്ടികൾക്ക് മലിനജലം കുടിക്കേണ്ടി വരുന്ന ദയനീയ സാഹചര്യമാണ് ഉള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കുട്ടികളുടെ കായിക സ്വപ്നങ്ങളെ തകർക്കുന്ന രീതിയിലുള്ള ഇത്തരം സംഘാടന വീഴ്ചകൾക്കും അഴിമതിക്കുമെതിരെ ശക്തമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.