കൊച്ചി കളമശ്ശേരിയിൽ സ്പായിൽ മാനേജർ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ ഇന്റർവ്യൂവിനെന്ന പേരിൽ വിളിച്ചുവരുത്തി ലഹരി നൽകി കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. ആലപ്പുഴ കാർത്തികപ്പിള്ളി ഇരിക്കാവ് സ്വദേശി ശ്രീരാജ് (30), തേവക്കൽ സ്വദേശി ജിത്ത് മാർട്ടിൻ (27) എന്നിവരാണ് കളമശ്ശേരി പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സ്പായുടെ മറവിൽ പെൺവാണിഭം നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് പിടിയിലായ പ്രതികളെന്ന് പൊലീസ് വ്യക്തമാക്കി. ഇടപ്പള്ളിയിലെ ഒരു ലോഡ്ജിലേക്ക് ഇന്റർവ്യൂവിനായി വിളിച്ചുവരുത്തിയ വിവാഹിതയായ യുവതിക്ക് ബിയറും മയക്കുമരുന്നും നൽകി പ്രതികൾ ക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയായിരുന്നു. പീഡന ദൃശ്യങ്ങൾ പ്രതികൾ ക്യാമറയിൽ പകർത്തിയതായും പരാതിയിലുണ്ട്.
സംഭവത്തിനുശേഷം പരിക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സ തേടുകയും, തുടർന്ന് ഭർത്താവിനോടൊപ്പം പൊലീസിൽ പരാതി നൽകുകയുമായിരുന്നു. പരാതി ലഭിച്ചയുടൻ തന്നെ സജീവമായ അന്വേഷണം നടത്തിയ കളമശ്ശേരി പൊലീസ് പ്രതികളെ മണിക്കൂറുകൾക്കകം പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ഈ റാക്കറ്റിൽ ഉൾപ്പെട്ട മറ്റു പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായി തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണർ അറിയിച്ചു. കേസിൽ കൂടുതൽ പേരുടെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നാണ് സൂചന. സ്പാകളിലെ തൊഴിൽ വാഗ്ദാനങ്ങളുടെ പേരിൽ നടക്കുന്ന ഇത്തരം തട്ടിപ്പുകൾക്കും കുറ്റകൃത്യങ്ങൾക്കുമെതിരെ സ്ത്രീകൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.