ഉത്തരാഖണ്ഡിൽ കേദാർനാഥ് തീർത്ഥാടന പാതയിൽ ചീർബാസയ്ക്ക് സമീപം ഉണ്ടായ കനത്ത മണ്ണിടിച്ചിലിൽ വഴിയിൽ കുടുങ്ങിപ്പോയ തീർത്ഥാടകരെ ദുരന്തനിവാരണ സേന സുരക്ഷിതരായി തിരിച്ചെത്തിച്ചു. ഇന്ന് രാവിലെ പുറത്തുവന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, കഴിഞ്ഞദിവസം രാത്രിയോടെ ഉണ്ടായ ശക്തമായ മലയിടിച്ചിലിനെ തുടർന്ന് പ്രദേശത്ത് നൂറുകണക്കിന് തീർത്ഥാടകർ കുടുങ്ങിപ്പോയിരുന്നു. റോഡിലേക്ക് കൂറ്റൻ പാറക്കല്ലുകളും മണ്ണും പതിച്ചതോടെ ഗതാഗതം പൂർണ്ണമായി സ്തംഭിക്കുകയായിരുന്നു.
തുടർന്ന് സ്റ്റേറ്റ് ഡിസാസ്റ്റർ റെസ്പോൺസ് ഫോഴ്സ് (SDRF), നാഷണൽ ഡിസാസ്റ്റർ റെസ്പോൺസ് ഫോഴ്സ് (NDRF) എന്നിവരുടെ നേതൃത്വത്തിൽ രാത്രിയോടെ തന്നെ സംയുക്ത രക്ഷാപ്രവർത്തനം ആരംഭിച്ചു.
കൊടുംതണുപ്പും പ്രതികൂല കാലാവസ്ഥയും വകവെയ്ക്കാതെ നടത്തിയ ഊർജ്ജിതമായ നീക്കത്തിലൂടെ, അപകടാവസ്ഥയിലായ 1500-ലധികം തീർത്ഥാടകരെയാണ് സുരക്ഷിതമായി ഗൗരികുണ്ടിലെത്തിച്ചത്. ഉത്തരാഖണ്ഡിൽ ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തിൽ മലയോര മേഖലകളിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. തീർത്ഥാടകർ കാലാവസ്ഥാ മുന്നറിയിപ്പുകൾ പൂർണ്ണമായും പാലിച്ചും ജാഗ്രതയോടെയും മാത്രമേ യാത്ര ചെയ്യണമെന്ന് ഭരണകൂടം കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.