Blog Post

Karanavars > News > Goverment > എട്ടാം ക്ലാസ് വരെയായി വിപുലീകരിച്ച് തമിഴ്നാട് പ്രഭാതഭക്ഷണ പദ്ധതി; കുട്ടികൾക്കൊപ്പമിരുന്ന് ഭക്ഷണം കഴിച്ച് മുഖ്യമന്ത്രി വിജയ്

എട്ടാം ക്ലാസ് വരെയായി വിപുലീകരിച്ച് തമിഴ്നാട് പ്രഭാതഭക്ഷണ പദ്ധതി; കുട്ടികൾക്കൊപ്പമിരുന്ന് ഭക്ഷണം കഴിച്ച് മുഖ്യമന്ത്രി വിജയ്

തമിഴ്നാട്ടിലെ സ്കൂൾ കുട്ടികൾക്കായുള്ള സൗജന്യ പ്രഭാതഭക്ഷണ പദ്ധതി എട്ടാം ക്ലാസ് വരെ നീട്ടി സർക്കാർ. ഇന്നലെ ചെന്നൈ തിരുവാൺമിയൂരിലെ ഗാന്ധിഗ്രാമം സർക്കാർ മിഡിൽ സ്കൂളിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി സി. ജോസഫ് വിജയ് പദ്ധതിയുടെ സംസ്ഥാനതല വിപുലീകരണം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

ഒന്ന് മുതൽ അഞ്ച് വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്കായി മാത്രം നടപ്പിലാക്കിയിരുന്ന പദ്ധതിയാണ്, ഇപ്പോൾ ആറ് മുതൽ എട്ട് വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് കൂടി വ്യാപിപ്പിച്ചത്. സ്കൂളിലെത്തിയ മുഖ്യമന്ത്രി കുട്ടികൾക്ക് പ്രഭാതഭക്ഷണം വിളമ്പി നൽകുകയും, തുടർന്ന് അവരോടൊപ്പം നിലത്തിരുന്ന് ഭക്ഷണം കഴിക്കുകയും ചെയ്തു. പൊങ്കലും സാമ്പാറും മധുരവുമ അടങ്ങിയ പ്രഭാതഭക്ഷണമാണ് കുട്ടികൾക്കൊപ്പം അദ്ദേഹം കഴിച്ചത്. ഭക്ഷണത്തിന് ശേഷം ക്ലാസ് മുറികൾ സന്ദർശിച്ച വിജയ്, വിദ്യാർത്ഥികളോട് അവരുടെ വിശേഷങ്ങളും പഠനകാര്യങ്ങളും ചോദിച്ചറിഞ്ഞു.

ഈ പദ്ധതിയുടെ വിപുലീകരണത്തിലൂടെ സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ ഏകദേശം 15.30 ലക്ഷം കുട്ടികൾക്ക് കൂടി പുതുതായി പ്രയോജനം ലഭിക്കും. കുട്ടികളുടെ പോഷകാഹാര നിലവാരം ഉയർത്തുന്നതിനും സ്കൂളുകളിലെ ഹാജർ നില വർദ്ധിപ്പിക്കുന്നതിനുമായാണ് സർക്കാർ ഈ സുപ്രധാന ചുവടുവെപ്പ് നടത്തിയിരിക്കുന്നത്. പദ്ധതിയുടെ തുടർച്ചയ്ക്കായി ഈ സാമ്പത്തിക വർഷം 217 കോടിയിലധികം രൂപയാണ് തമിഴ്നാട് സർക്കാർ വകയിരുത്തിയിട്ടുള്ളത്. കുട്ടികൾക്കിടയിലേക്ക് നേരിട്ടെത്തി മുഖ്യമന്ത്രി ലളിതമായി പെരുമാറിയതും അവരോടൊപ്പം ഭക്ഷണം പങ്കിട്ടതും ചടങ്ങിൽ ഏറെ ശ്രദ്ധേയമായി.

Leave a comment

Your email address will not be published. Required fields are marked *