Blog Post

Karanavars > News > Goverment > ശബരിമലയിൽ അരവണ പ്രതിസന്ധി: ഭക്തർ വെറുംകൈയോടെ മലയിറങ്ങുന്നു

ശബരിമലയിൽ അരവണ പ്രതിസന്ധി: ഭക്തർ വെറുംകൈയോടെ മലയിറങ്ങുന്നു

കന്നിമാസ പൂജകൾ പൂർത്തിയാക്കി ശബരിമല ക്ഷേത്രനട ഇന്ന് അടയ്ക്കാനിരിക്കെ, സന്നിധാനത്ത് അരവണ പ്രസാദക്ഷാമം അതിരൂക്ഷം. ആവശ്യത്തിന് കരുതൽ ശേഖരം ഇല്ലാത്തതിനാൽ ഒട്ടേറെ അയ്യപ്പഭക്തർ പ്രസാദം ലഭിക്കാതെ വെറുംകൈയോടെ മലയിറങ്ങേണ്ടി വരുന്ന സാഹചര്യമാണ് നിലവിലുള്ളത്.

മണ്ഡലകാല തീർഥാടനത്തിന് മുന്നോടിയായി അരവണ പ്ലാന്റിൽ നവീകരണ ജോലികളും അറ്റകുറ്റപ്പണികളും നടക്കുന്നതിനാൽ ഉത്പാദനം താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. ഈ മാറ്റങ്ങൾ മുൻകൂട്ടി കണ്ട് മതിയായ കരുതൽ ശേഖരം ഉറപ്പാക്കുന്നതിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് ഉണ്ടായ ഗുരുതര വീഴ്ചയാണ് ഈ പ്രതിസന്ധിക്ക് കാരണമെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്.

കന്നിമാസ പൂജയ്ക്കായി പതിവിലും കൂടുതൽ തീർഥാടകര്‍ എത്തിയതോടെയാണ് സ്റ്റോക്ക് പെട്ടെന്ന് തീർന്നത്. സ്ഥിതി രൂക്ഷമായതോടെ ഒരാൾക്ക് ഒരു ടിൻ അരവണയും മൂന്ന് കവർ അപ്പവും മാത്രമായി വിതരണം പരിമിതപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ കൗണ്ടറുകൾക്ക് മുന്നിൽ മണിക്കൂറുകളോളം കാത്തുനിന്ന തീർഥാടകർ പ്രസാദം കിട്ടാതെ വന്നതിനെ തുടർന്ന് പ്രതിഷേധം ഉയർത്തുകയും ചെയ്തിരുന്നു.

പ്രതീക്ഷിച്ചതിലും അധികം ആളുകൾ ദർശനത്തിനെത്തിയതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് ദേവസ്വം ബോർഡിന്റെ വിശദീകരണമെങ്കിലും, തിരക്ക് കണക്കിലെടുത്ത് കൃത്യമായ മുന്നൊരുക്കങ്ങൾ നടത്തുന്നതിൽ അധികൃതർ പരാജയപ്പെട്ടുവെന്നതിന്റെ നേർക്കാഴ്ചയാണ് സന്നിധാനത്ത് കാണാൻ കഴിയുന്നത്.

Leave a comment

Your email address will not be published. Required fields are marked *