Blog Post

Karanavars > News > Keralam > കാര്യവട്ടത്ത് വീണ്ടും ക്രിക്കറ്റ്‌ ആവേശം: ഇന്ത്യ–വെസ്റ്റ് ഇൻഡീസ് ഏകദിന ടിക്കറ്റ് വില്‍പന ഇന്ന് മുതൽ

കാര്യവട്ടത്ത് വീണ്ടും ക്രിക്കറ്റ്‌ ആവേശം: ഇന്ത്യ–വെസ്റ്റ് ഇൻഡീസ് ഏകദിന ടിക്കറ്റ് വില്‍പന ഇന്ന് മുതൽ

തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് അന്താരാഷ്ട്ര സ്റ്റേഡിയം വീണ്ടും ഒരു രാജ്യാന്തര ക്രിക്കറ്റ് പോരാട്ടത്തിന് വേദിയാകുന്നു. ഇന്ത്യ–വെസ്റ്റ് ഇൻഡീസ് പരമ്പരയിലെ ആദ്യ ഏകദിന മത്സരം ഈ മാസം 27-നാണ് ഇവിടെ നടക്കുന്നത്. മത്സരത്തിനായുള്ള ടിക്കറ്റ് വിൽപന ഇന്ന്  ആരംഭിക്കും. തിരുവനന്തപുരം ഹയാത്ത് റീജൻസി ഹോട്ടലിൽ വൈകുന്നേരം 6 മണിക്ക് നടക്കുന്ന ചടങ്ങിൽ ടിക്കറ്റ് വിൽപ്പനയുടെ ഔദ്യോഗിക ഉദ്ഘാടനം നടക്കും. പ്രമുഖ ഓൺലൈൻ പ്ലാറ്റ്‌ഫോമായ ‘ടിക്കറ്റ് ജീനി’ (Ticket Genie.in) വഴിയാണ് ആരാധകർക്ക് ടിക്കറ്റുകൾ ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളത്. ഗ്യാലറി, വിവിധ പവലിയനുകൾ, എലൈറ്റ് പവലിയൻ, കെ.സി.എ ബോക്സ് ഹോസ്പിറ്റാലിറ്റി എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായാണ് ടിക്കറ്റുകൾ ലഭ്യമാക്കിയിരിക്കുന്നത്. മുൻ വർഷങ്ങളെപ്പോലെ ഇത്തവണയും വിദ്യാർത്ഥികൾക്കായി പ്രത്യേക നിരക്കിലുള്ള ടിക്കറ്റുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഉദ്ഘാടന ചടങ്ങിൽ വെച്ച് ടിക്കറ്റ് നിരക്കുകൾ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.

ഈ മാസം 27-ന് ഉച്ചയ്ക്ക് 2 മണിക്കാണ് മത്സരം ആരംഭിക്കുന്നത്. കേരളത്തിലെ ക്രിക്കറ്റ് പ്രേമികൾ ഏറെ ആവേശത്തോടെയാണ് മത്സരത്തെ വരവേൽക്കുന്നത്. അതേസമയം, മലയാളി താരം സഞ്ജു സാംസൺ ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് ടീമിന്റെ ഭാഗമായതിനാൽ ഈ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ സ്ക്വാഡിൽ ഉൾപ്പെട്ടിട്ടില്ല. ഇത് സ്വന്തം കാണികൾക്ക് മുന്നിൽ കളിക്കാനിറങ്ങുന്ന മലയാളികളുടെ പ്രിയ താരത്തിന്റെ സാന്നിധ്യം ആഗ്രഹിച്ച ആരാധകരെ ചെറിയ തോതിൽ നിരാശപ്പെടുത്തിയിട്ടുണ്ട്. എങ്കിലും വിശ്വസ്തരായ കാണികളെ വരവേൽക്കാനും മികച്ച ഒരു മത്സര അനുഭവം സമ്മാനിക്കാനുമുള്ള തയ്യാറെടുപ്പിലാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ (കെ.സി.എ). സ്റ്റേഡിയത്തിലും പരിസരത്തുമായി വിപുലമായ പാർക്കിങ്, കുടിവെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളെല്ലാം ഇതിനോടകം തന്നെ പൂർത്തിയായിട്ടുണ്ട്. രാജ്യാന്തര താരങ്ങളുടെ ബാറ്റിങ് വെടിക്കെട്ട് കാണാൻ തിരുവനന്തപുരം ഒരിക്കൽക്കൂടി സാക്ഷ്യം വഹിക്കുമ്പോൾ സ്റ്റേഡിയം സ്റ്റാൻഡുകൾ നിറയും എന്ന കാര്യത്തിൽ സംശയമില്ല. ക്രിക്കറ്റ് പ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ഈ മത്സരത്തിന്റെ ടിക്കറ്റുകൾ സ്വന്തമാക്കാൻ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴി ആരാധകർക്ക് ഇന്ന് മുതൽ ശ്രമിക്കാവുന്നതാണ്.

Leave a comment

Your email address will not be published. Required fields are marked *