വയനാട് സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന കോടതി തൊണ്ടിമുതലായ ഏഴ് ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ കാണാതായ സംഭവത്തിൽ ദുരൂഹത ഏറുന്നു. മോഷണത്തിന് പിന്നിൽ സ്റ്റേഷനിലെ ഉദ്യോഗസ്ഥർ തന്നെയാണെന്ന ശക്തമായ സൂചനകളാണ് പുറത്തുവരുന്നത്.
ഇന്നലെ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം, കഴിഞ്ഞ ജൂൺ 26നും സെപ്റ്റംബർ 10നും ഇടയിലാണ് സ്റ്റേഷൻ വളപ്പിലെ സ്റ്റോർ റൂമിൽ സൂക്ഷിച്ചിരുന്ന ലക്ഷക്കണക്കിന് രൂപയുടെ ലഹരിവസ്തുക്കൾ മോഷണം പോയത്. സ്റ്റേഷൻ അസിസ്റ്റന്റ് റൈറ്ററുടെ മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന താക്കോൽ ഉപയോഗിച്ചാണ് സ്റ്റോർ റൂം തുറന്നിരിക്കുന്നത്. മുറിയുടെ പൂട്ട് തകർക്കുകയോ ബലപ്രയോഗം നടക്കുകയോ ചെയ്തിട്ടില്ല. മാത്രമല്ല, മോഷണത്തിന് ശേഷം താക്കോൽ തിരികെ അതേ സ്ഥലത്ത് തന്നെ ഭദ്രമായി വെക്കുകയും ചെയ്തിട്ടുണ്ട്. ഇത് പുറത്തുനിന്നുള്ളവരാണ് കൃത്യം നടത്തിയതെന്ന വാദം പൂർണ്ണമായും തള്ളിക്കളയുന്നു.
ഇരുപത്തിനാല മണിക്കൂറും പൊലീസുകാരുടെ സാന്നിധ്യവും സിസിടിവി നിരീക്ഷണവുമുള്ള സ്റ്റേഷനുള്ളിൽ നിന്ന്, ആരും കാണാതെ ഭാരമുള്ള ഏഴ് ചാക്ക് പുകയില ഉൽപ്പന്നങ്ങൾ വാഹനത്തിൽ കയറ്റി കടത്തിക്കൊണ്ടുപോയത് പൊലീസിന്റെ സഹായമില്ലാതെ അസാധ്യമാണ്. സ്റ്റേഷനിലെ ഔദ്യോഗിക വാഹനങ്ങളോ പൊലീസുകാരുടെ വ്യക്തിഗത വാഹനങ്ങളോ തന്നെയാകാം ഇതിനായി ഉപയോഗിച്ചതെന്നാണ് പ്രാഥമിക നിഗമനം.
സംഭവം കേരള പൊലീസിന് തന്നെ വലിയ നാണക്കേടായി മാറിയിരിക്കുകയാണ്. സ്റ്റേഷന്റെ സുരക്ഷാ ചുമതലയുള്ളവർക്ക് ഇതിൽ നേരിട്ട് പങ്കുണ്ടെന്ന സംശയത്തെ തുടർന്ന് ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ രഹസ്യ അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. തൊണ്ടിമുതൽ കടത്തിയ പ്രതികളെക്കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ ഉടൻ പുറത്തുവരുമെന്നാണ് സൂചന.