പ്രളയകാലത്ത് സ്വന്തം ജീവൻ പോലും പണയം വെച്ച് രക്ഷാപ്രവർത്തനം നടത്തിയ ഓഫ് റോഡ് വാഹന ഉടമയ്ക്ക് ആശ്വാസവുമായി ഹൈക്കോടതി അഭിഭാഷകരുടെ കൂട്ടായ്മ. പ്രളയസമയത്ത് ആറന്മുളയിൽ കുടുങ്ങിപ്പോയ അഭിഭാഷകരുടെ കുടുംബാംഗങ്ങളെ ഉൾപ്പെടെ സുരക്ഷിത സ്ഥാനത്ത് എത്തിച്ചത് അമൽ എന്ന യുവാവിന്റെ ഈ വാഹനമായിരുന്നു. ഈ മാതൃകാപരമായ സേവനത്തിന് ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ഉണ്ടായ വൻ തുകാപിഴയാണ് അഭിഭാഷകർ ചേർന്ന് അടച്ചത്.
ആദ്യം വാഹനത്തിന് മോട്ടോർ വാഹന വകുപ്പ് (MVD) ചെറിയൊരു തുക മാത്രമാണ് പിഴയിട്ടിരുന്നതെങ്കിലും, വാഹനങ്ങളുടെ രൂപമാറ്റവുമായി ബന്ധപ്പെട്ട കേസ് പരിഗണിച്ച ഹൈക്കോടതി ഈ നടപടി കർശനമാക്കുകയായിരുന്നു. അനധികൃത ലൈറ്റുകളും മറ്റ് മാറ്റങ്ങളും ചൂണ്ടിക്കാട്ടി കോടതി നിർദേശപ്രകാരം പിഴത്തുക 50,000 രൂപയായി ഉയർത്തുകയായിരുന്നു.
പ്രളയബാധിതരെ രക്ഷിക്കാൻ ഇറങ്ങിത്തിരിച്ച വാഹനത്തിന് ഇത്രയധികം തുക പിഴയായി നൽകേണ്ടി വന്ന സാഹചര്യം മനസിലാക്കിയാണ് ഹൈക്കോടതിയിലെ അഭിഭാഷകർ കൂട്ടായ്മയായി മുന്നോട്ടുവന്ന് ഈ തുക വാഹന ഉടമയായ അമലിന് കൈമാറിയത്. പ്രതിസന്ധിഘട്ടങ്ങളിൽ നാടിന് ഉപകാരപ്രമാലായവരെ സംരക്ഷിക്കേണ്ടത് സ്വന്തം ചുമതലയാണെന്ന് തെളിയിച്ചിരിക്കുകയാണ് ഈ നിയമവൃത്തങ്ങൾ.