Blog Post

Karanavars > News > Accident > ഡൽഹി കെട്ടിട ദുരന്തം: ഉടമയ്ക്കെരെ കേസെടുത്തു; മരണം ആറായി, ആശങ്ക തുടരുന്നു

ഡൽഹി കെട്ടിട ദുരന്തം: ഉടമയ്ക്കെരെ കേസെടുത്തു; മരണം ആറായി, ആശങ്ക തുടരുന്നു

ഡൽഹി സത്യനികേതനിൽ വിദ്യാർത്ഥികൾ താമസിച്ചിരുന്ന അഞ്ച് നില കെട്ടിടം തകർന്നുണ്ടായ ദുരന്തത്തിൽ മരണം ആറായി. ഇന്നലെ (ഞായറാഴ്ച) ഉച്ചകഴിഞ്ഞ് 1.30-ഓടെയായിരുന്നു രാജ്യത്തെ നടുക്കിയ ഈ അപകടം സംഭവിച്ചത്. ഡൽഹി യൂണിവേഴ്സിറ്റിക്ക് സമീപമുള്ള സൗത്ത് ക്യാമ്പസിനടുത്തുള്ള സത്യനികേതനിൽ ആൺകുട്ടികൾക്കായുള്ള പേയിങ് ഗസ്റ്റ് (PG) അക്കോമഡേഷൻ പ്രവർത്തിച്ചിരുന്ന കെട്ടിടമാണ് നിലംപൊത്തിയത്.

അപകടസമയത്ത് കെട്ടിടത്തിന്റെ താഴത്തെ നിലയിൽ (ബേസ്‌മെന്റിൽ) നവീകരണ പ്രവർത്തനങ്ങളും അറ്റകുറ്റപ്പണികളും നടന്നു കൊണ്ടിരിക്കുകയായിരുന്നു. ദിവസങ്ങളായി പെയ്ത ശക്തമായ മഴയെ തുടർന്ന് ബേസ്‌മെന്റിൽ വെള്ളം കെട്ടിക്കിടന്നത് കെട്ടിടത്തിന്റെ അടിത്തറയെ ഗുരുതരമായി ബാധിച്ചതാണ് ദുരന്തത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തിലും നാട്ടുകാരുടെ മൊഴിയിലും വ്യക്തമായിട്ടുണ്ട്. ഗ്രൗണ്ട് ഫ്ലോറിനും ഒരു നിലയ്ക്കും മാത്രം അനുമതിയുണ്ടായിരുന്ന സ്ഥലത്ത് നിയമവിരുദ്ധമായി അഞ്ച് നിലകൾ പണിതുയർത്തുകയായിരുന്നു എന്ന് ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ (MCD) കണ്ടെത്തിയിട്ടുണ്ട്.

അവശിഷ്ടങ്ങൾക്കിടയിൽ ഇനിയും ഇരുപതോളം പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സംശയം. ദേശീയ ദുരന്ത നിവാരണ സേനയുടെയും (NDRF) ഫയർഫോഴ്സിന്റെയും ഡോഗ് സ്ക്വാഡിന്റെയും നേതൃത്വത്തിൽ ഇന്നലെ രാത്രി മുതൽ അതീവ തീവ്രമായ രക്ഷാപ്രവർത്തനമാണ് സ്ഥലത്ത് പുരോഗമിക്കുന്നത്. പരിക്കേറ്റവരെ എയിംസ് ട്രോമ സെന്ററിൽ പ്രവേശിപ്പിച്ചു.

സംഭവത്തിൽ കെട്ടിട ഉടമ ഹരിറാമിനെതിരെ സൗത്ത് കാമ്പസ് പോലീസ് മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കുകയും ഒളിവിൽ പോയ ഇയാൾക്കായുള്ള അന്വേഷണം ഊർജിതമാക്കുകയും ചെയ്തു. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹി സർക്കാർ മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്ന അനധികൃത പി.ജി കെട്ടിടങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

Leave a comment

Your email address will not be published. Required fields are marked *