അമേരിക്കയിലെ മയാമി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്നലെ ഉണ്ടായ ദാരുണമായ വിമാനാപകടത്തില്‍ അഞ്ച് പേർ കൊല്ലപ്പെട്ടു. ആമസോണിന്റെ ‘പ്രൈം എയർ’ ചരക്കുവിമാനമാണ് ലാൻഡിംഗിനിടെ റണ്‍വേ കടന്ന് റോഡിലേക്ക് പാഞ്ഞുകയറി വൻ ദുരന്തത്തിന് കാരണമായത്. പോർട്ടോ റിക്കോയിലെ സാൻ ജുമാനിൽ നിന്നും എത്തിയ ബോയിങ് 767-300 (Boeing 767-300) വിഭാഗത്തിൽപ്പെട്ട ചരക്കുവിമാനമാണ് അപകടത്തിൽ പെട്ടത്. ഇന്നലെ ഉച്ചകഴിഞ്ഞ് 2 മണിയോടെയായിരുന്നു സംഭവം. നിയന്ത്രണം വിട്ട് റണ്‍വേയ്ക്ക് പുറത്തേക്ക് ചാടിയ വിമാനം റോഡിലുണ്ടായിരുന്ന വാഹനങ്ങൾക്ക് മേലേക്ക് ഇടിച്ചുകയറുകയും തുടർന്ന് വലിയ രീതിയിൽ തീപിടിക്കുകയുമായിരുന്നു.
അപകടത്തെ തുടർന്ന് വിമാനത്തിലും സമീപത്തുണ്ടായിരുന്ന വാഹനങ്ങളിലുമായി ആളുകൾ കുടുങ്ങിപ്പോയി. വിമാനത്തിന്റെ പൈലറ്റും കോ-പൈലറ്റും കോക്ക്പിറ്റിൽ കുടുങ്ങിയതായി മയാമി-ഡേഡ് ഫയർ റെസ്ക്യൂ ചീഫ് റേ ജഡല്ല വ്യക്തമാക്കി. വിവരം അറിഞ്ഞ ഉടൻ തന്നെ 60-ലധികം ഫയർ യൂനിറ്റുകളും ഇരുന്നൂറിലധികം ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു.
അപകടത്തിൽ അഞ്ച് പേർ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചെങ്കിലും മൂന്ന് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. വിമാനത്തിൽ നിന്നുള്ള ഇന്ധന ചോർച്ച വലിയ തോതിൽ ഭീതി പരത്തിയെങ്കിലും മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് അഗ്നിശമന സേനാംഗങ്ങൾക്ക് തീ പൂർണ്ണമായി അണയ്ക്കാനായത്.
ദുരന്തത്തെ തുടർന്ന് മയാമി വിമാനത്താവളത്തിലെ റൺവേകളുടെ പ്രവർത്തനം താത്കാലികമായി നിർത്തിവെക്കുകയും നിരവധി സർവീസുകൾ റദ്ദാക്കുകയോ വൈകുകയോ ചെയ്യുകയുണ്ടായി. അപകടകാരണത്തെക്കുറിച്ച് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും (FAA) നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡും (NTSB) സംയുക്തമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ ആമസോണും വിമാനം ഓപ്പറേറ്റു ചെയ്ത ’21 എയർ’ കമ്പനിയും അഗാധമായ ദുഃഖം രേഖപ്പെടുത്തി.