തൃശൂർ ജില്ലയിലെ കോടശ്ശേരി പഞ്ചായത്തിൽ വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. ചായ്പൻകുഴി ഗവൺമെന്റ് യു.പി സ്കൂൾ കെട്ടിടത്തിന്റെ ഒരു ഭാഗവും ഓപ്പൺ സ്റ്റേജുമാണ് ഇന്ന് ഇടിഞ്ഞുവീണത്. രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. ശ്രീകൃഷ്ണ ജയന്തി അവധിയായതിനാൽ സ്കൂളിൽ കുട്ടികളോ അധ്യാപകരോ ഇല്ലാതിരുന്നത് വലിയൊരു ദുരന്തമാണ് ഒഴിവാക്കിയത്.
സ്കൂളിനോട് ചേർന്നുനടന്ന മലയോര ഹൈവേ നിർമ്മാണ പ്രവർത്തനങ്ങളാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. റോഡ് നിർമ്മാണത്തിനായി മണ്ണ് തുരന്ന് റോഡ് പൊളിച്ചിട്ട ഭാഗത്തെ സ്കൂൾ മതിലും അടിത്തറയും ഇടിഞ്ഞുപഴകുകയായിരുന്നു. ഇതിനുപിന്നാലെയാണ് ക്ലാസ് മുറികളായി ഉപയോഗിച്ചിരുന്ന കെട്ടിടഭാഗം പൂർണ്ണമായി നിലംപൊത്തിയത്.
അപകടത്തെ തുടർന്ന് സ്ഥലത്ത് പ്രദേശവാസികളുടെ നേതൃത്വത്തിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്. റോഡ് നിർമ്മാണത്തിലെ അശാസ്ത്രീയതയാണ് സ്കൂൾ കെട്ടിടം തകരാൻ കാര്യമെന്നും, അധികൃതരുടെ ഭാഗത്തുനിന്നും ഗുരുതരമായ വീഴ്ചയുണ്ടായെന്നും നാട്ടുകാർ ആരോപിക്കുന്നു. കെട്ടിടത്തിന്റെ ശേഷിക്കുന്ന ഭാഗങ്ങൾക്കും ബലക്ഷതം സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാൻ വിദഗ്ധ സംഘത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കിയ ശേഷം മാത്രമേ തുടർനടപടികൾ സ്വീകരിക്കുകയുള്ളൂ എന്ന് അധികൃതർ വ്യക്തമാക്കി.