സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്ന് കേരള സംസ്ഥാന വൈദ്യുതി ബോർഡ് (KSEB) അറിയിച്ചു. ദേശീയതലത്തിലുണ്ടായ വൈദ്യുതി ലഭ്യതക്കുറവിനെ തുടർന്നാണ് ഈ അടിയന്തര നടപടി സ്വീകരിച്ചിരിക്കുന്നത്. ഇന്ന് വൈകിട്ട് 7 മണി മുതൽ രാത്രി 12 മണിവരെയാണ് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ സാധ്യതയുള്ളത്.
ദേശീയതലത്തിൽ 12,000 മെഗാവാട്ടിന്റെ വൈദ്യുതി ലഭ്യതക്കുറവ് അനുഭവപ്പെട്ടതായി ഗ്രിഡ് കൺട്രോളർ ഓഫ് ഇന്ത്യ ലിമിറ്റഡ് കെഎസ്ഇബിയെ ഔദ്യോഗികമായി അറിയിക്കുകയുണ്ടായി. ഇതിന്റെ അടിസ്ഥാനത്തിലാണ് രാജ്യത്തുടനീളമുള്ള മറ്റ് സംസ്ഥാനങ്ങൾക്കൊപ്പം കേരളത്തിലും ഭാഗികമായ വൈദ്യുതി തടസ്സങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളത്. ഈ സമയങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മാറിമാറി വൈദ്യുതി മുടങ്ങിയേക്കാം.