മലപ്പുറം കൊണ്ടോട്ടിയിൽ കോളേജ് ഓണാഘോഷത്തിനിടയിൽ എക്സൈസ് സംഘത്തിന്റെ പരിശോധനയ്ക്കിടെ ലഹരിമരുന്നുമായി എത്തിയ വിദ്യാർത്ഥികൾ ഇറങ്ങിയോടി. ഇന്നലെ വൈകിട്ടോടെയാണ് മലപ്പുറം എക്സൈസ് ആന്റി നർക്കോട്ടിക് സ്ക്വാഡ് കോളേജ് പരിസരത്ത് പരിശോധന നടത്തിയത്.
ഓണാഘോഷത്തോടനുബന്ധിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പരിസരങ്ങളിലും ലഹരിവസ്തുക്കളുടെ ഉപയോഗവും വിതരണവും തടയുന്നതിന്റെ ഭാഗമായി എക്സൈസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതിനിടയിലാണ് കൊണ്ടോട്ടിയിലെ ഒരു കോളേജിന് സമീപം ഗ്രൗണ്ടിന് പുറത്ത് പാർക്ക് ചെയ്തിരുന്ന കാറിൽ സംശയാസ്പദമായ സാഹചര്യത്തിൽ വിദ്യാർത്ഥികൾ എത്തിയത്.
ഈ സമയത്ത് പരിശോധനയ്ക്കായി എക്സൈസ് വാഹനം എത്തിയത് കണ്ട ഉടൻ തന്നെ കാറിലുണ്ടായിരുന്ന വിദ്യാർത്ഥികൾ വാഹനം ഉപേക്ഷിച്ച് ഇറങ്ങിയോടുകയായിരുന്നു. തുടർന്ന് എക്സൈസ് സംഘം നടത്തിയ വിശദമായ പരിശോധനയിൽ വാഹനത്തിനുള്ളിൽ നിന്ന് ഒരു ഗ്രാം മാരക രാസലഹരിയായ എംഡിഎംഎ കണ്ടെത്തുകയുണ്ടായി.
സംഭവവുമായി ബന്ധപ്പെട്ട് ഓടിരക്ഷപ്പെട്ട, കണ്ടാലറിയാവുന്ന മൂന്ന് വിദ്യാർത്ഥികൾക്കെതിരെ എക്സൈസ് കേസെടുത്തിട്ടുണ്ട്. വിദ്യാർത്ഥികൾ കാറിൽനിന്ന് പരിഭ്രാന്തരായി ഇറങ്ങിയോടുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ലഹരി പിടിച്ചെടുത്ത കാർ എക്സൈസ് കസ്റ്റഡിയിൽ എടുത്തു. ഓണക്കാലത്തോടനുബന്ധിച്ച് ക്യാമ്പസുകളിൽ ലഹരിവ്യാപനം തടയുന്നതിന്റെ ഭാഗമായി വരും ദിവസങ്ങളിലും പരിശോധനകൾ കൂടുതൽ കർശനമാക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.