Blog Post

Karanavars > News > Economy > പഴയ വാഹനങ്ങൾക്ക് രക്ഷയായി ഇ10 പെട്രോൾ വരുമോ?

പഴയ വാഹനങ്ങൾക്ക് രക്ഷയായി ഇ10 പെട്രോൾ വരുമോ?

രാജ്യത്ത് നിലവിൽ വിതരണം ചെയ്യുന്ന E20 പെട്രോൾ (20 ശതമാനം എഥനോൾ കലർത്തിയ ഇന്ധനം) പഴയ വാഹനങ്ങൾക്ക് വലിയ ഭീഷണിയാകുന്നുവെന്ന പരാതികൾ ശക്തമാകുന്നതിനിടെ, E10 പെട്രോൾ വിപണിയിൽ തിരിച്ചെത്തിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിച്ച് കേന്ദ്ര സർക്കാർ. കേന്ദ്ര സർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി. അനന്ത് നാഗേശ്വരനും സാമ്പത്തിക വിദഗ്ധൻ ആകാശ് പൂജാരിയും നൽകിയ നിർദേശങ്ങളുടെ പശ്ചാത്തലത്തിലാണ് പെട്രോളിയം മന്ത്രാലയം ഈ വിഷയത്തിൽ പുനർചിന്തനത്തിന് മുതിരുന്നത്. ഇന്നലെ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം, സാങ്കേതിക തകരാറുകൾ ഒഴിവാക്കാനും പഴയ വാഹനങ്ങളുടെ സുഗമമായ പ്രവർത്തനത്തിനും ഇ10 പെട്രോൾ വീണ്ടും വിപണിയിൽ ലഭ്യമാക്കണമെന്ന് സാമ്പത്തിക ഉപദേഷ്ടാക്കൾ സർക്കാരിനോട് ആവശ്യപ്പെട്ടു.

രാജ്യത്തെ കോടിക്കണക്കിന് ഇരുചക്ര വാഹന ഉടമകൾക്കും 2023-ന് മുൻപ് നിർമ്മിച്ച കാറുകളുടെ ഉടമകൾക്കും വലിയ ആഘാതമാണ് ഇ20 പെട്രോൾ ഉണ്ടാക്കുന്നത്. പെട്രോളിൽ എഥനോളിന്റെ അളവ് കൂടിയതോടെ വാഹനങ്ങളുടെ മൈലേജിൽ 5 മുതൽ 7 ശതമാനം വരെ കുറവുണ്ടാകുന്നതായി പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. കൂടാതെ, എഥനോളിലെ ഈർപ്പം കാരണം പഴയ വാഹനങ്ങളുടെ ഫ്യുവൽ പമ്പുകൾ, കാർബുറേറ്ററുകൾ, റബ്ബർ ഭാഗങ്ങൾ എന്നിവ വേഗത്തിൽ ദ്രവിക്കുന്നതായും പരാതിയുണ്ട്. കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി നേരത്തെ ഇ20 നയം രാജ്യത്തുടനീളം വേഗത്തിലാക്കാൻ മുന്നിട്ടിറങ്ങിയിരുന്നെങ്കിലും, ഉപഭോക്താക്കൾ നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ടുകൾ സാമ്പത്തിക ഉപദേഷ്ടാക്കൾ ചൂണ്ടിക്കാണിച്ചതോടെ വിഷയം കേന്ദ്ര സർക്കാർ ഗൗരവമായി പരിഗണിക്കുകയാണ്.

ഇന്നലെ പുറത്തുവന്ന ലേഖനത്തിലൂടെ വി. അനന്ത് നാഗേശ്വരനും സംഘവും മുന്നോട്ടുവെച്ച മറ്റൊരു പ്രധാന വിഷയം രാജ്യത്തെ ഭക്ഷ്യ-ഇന്ധന സന്തുലിതാവസ്ഥയെക്കുറിച്ചാണ്. ഇ20-ക്ക് പുറമെ ഇ27, ഇ30 തുടങ്ങിയ ഉയർന്ന നിരക്കുകളിലേക്ക് മാറുന്നത് കാർഷിക മേഖലയെ ദോഷകരമായി ബാധിച്ചേക്കാം. കൂടുതൽ എഥനോൾ ഉൽപ്പാദിപ്പിക്കാനായി വൻതോതിൽ ഭൂമിയും കുടിവെള്ളവും കരിമ്പ്, ചോളം എന്നിവയുടെ കൃഷിക്കായി മാറ്റിവെക്കുന്നത് ഭാവിയിൽ ഭക്ഷ്യസുരക്ഷയ്ക്ക് ഭീഷണിയാകുമെന്ന് ഇവർ മുന്നറിയിപ്പ് നൽകുന്നു.

ഈ സാഹചര്യത്തിൽ, സാധാരണക്കാരായ വാഹന ഉടമകൾക്ക് ആശ്വാസമേകാൻ ഇ10 പെട്രോൾ തിരിച്ചെത്തിക്കണമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ ശുപാർശ. ക്രൂഡ് ഓയിൽ ഇറക്കുമതി ചെലവ് കുറയ്ക്കുക എന്ന ലക്ഷ്യമുണ്ടെങ്കിലും, ജനങ്ങളുടെ ആശങ്കകളും സാമ്പത്തിക-പരിസ്ഥിതി പ്രത്യാഘാതങ്ങളും കണക്കിലെടുത്ത് കേന്ദ്ര പെട്രോളിയം മന്ത്രാലയം ഉടൻ തന്നെ നയപരമായ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Leave a comment

Your email address will not be published. Required fields are marked *