അരുണാചല്‍ പ്രദേശ് സ്വദേശിയായ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി മിര്‍ച്ചി മാര്‍പ്പുവിന്റെ ദാരുണ വിയോഗത്തെ തുടര്‍ന്ന് കോതമംഗലം മാര്‍ത്തോമ്മാ കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ വിദ്യാര്‍ത്ഥി പ്രതിഷേധം ശക്തമാകുന്നു. കോളേജിലെ കര്‍ശനമായ ക്രെഡിറ്റ് വ്യവസ്ഥയും ‘ഇയര്‍ ബാക്ക്’ സമ്പ്രദായവുമാണ് മിര്‍ച്ചി മാര്‍പ്പുവിന്റെ മരണത്തിന് കാരണമെന്ന് ആരോപിച്ച് SFI, KSU ഉള്‍പ്പെടെയുള്ള സംഘടനകളുടെ നേതൃത്വത്തിലാണ് ഇന്ന് ക്യാമ്പസിനു മുന്നില്‍ പ്രതിഷേധം കടുപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ ശനിയാഴ്ചയായിരുന്നു (ആഗസ്റ്റ് 15) കോതമംഗലം കോഴിപ്പിള്ളിയിലെ വാടകവീട്ടില്‍ മിര്‍ച്ചി മാര്‍പ്പുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുറഞ്ഞ ക്രെഡിറ്റ് സ്‌കോറിന്റെ പേരില്‍ ഔദ്യോഗിക അറിയിപ്പുകളോ മുന്നറിയിപ്പുകളോ ഇല്ലാതെ മിര്‍ച്ചി മാര്‍പ്പു ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികളെ ഒന്നരമാസത്തോളം ക്ലാസുകളില്‍ നിന്നും ഹോസ്റ്റലില്‍ നിന്നും മാറ്റിനിര്‍ത്തിയിരുന്നു. ഇത് വിദ്യാര്‍ത്ഥികളില്‍ കടുത്ത മാനസിക ബുദ്ധിമുട്ടുകളും ആശങ്കയും ഉണ്ടാക്കിയെന്ന് സഹപാഠികള്‍ ആരോപിക്കുന്നു. മറ്റു കോളേജുകളില്‍ ക്രെഡിറ്റ് പരിധി കുറവായിരിക്കെ, ഓട്ടോണമസ് പദവിയുടെ പേരില്‍ ഇവിടെ മാത്രം കര്‍ശന നിയമം നടപ്പാക്കിയതാണ് ദുരന്തത്തിന് കാരണമെന്നും കൂട്ടുകാര്‍ വെളിപ്പെടുത്തുന്നു.
ഇന്ന് കോളേജിന് മുന്നില്‍ തടിച്ചുകൂടിയ വിദ്യാര്‍ത്ഥികള്‍ ഗേറ്റ് പൂട്ടിയിട്ടിരിക്കുന്നതിനെതിരെയും മാനേജ്‌മെന്റിന്റെ നിഷേധാത്മക നിലപാടിനെതിരെയും ‘We Want Justice’ മുദ്രാവാക്യമുയര്‍ത്തി സമരം തുടരുകയാണ്. വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചുകൊണ്ട് ഔദ്യോഗിക സര്‍ക്കുലര്‍ ഇറക്കണമെന്നും, ഉത്തരവാദികളായവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം. അതേസമയം, സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി അറിയിച്ചിട്ടുണ്ട്. കൂടാതെ, മരിച്ച വിദ്യാര്‍ത്ഥിയുടെ ഭൗതികശരീരം സംസ്ഥാന സര്‍ക്കാരിന്റെ ചെലവില്‍ അരുണാചല്‍ പ്രദേശിലെ ജന്മനാട്ടിലെത്തിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.